സാധാരണ ജീവിതം ഒരു പരിധിവരെ നിഷേധിക്കപ്പെട്ടവരാണ് സിനിമാ താരങ്ങള്‍. അവര്‍ പുറത്തിറങ്ങിയാല്‍ പിന്നെ സെല്‍ഫിക്കായുള്ള ബഹളമാണ്. താരങ്ങളായിപ്പോയി എന്നു കരുതി പുറത്തിറങ്ങാതെയിരിക്കാന്‍ സാധിക്കുമോ? എന്തായാലും അങ്ങനെ ആഗ്രഹങ്ങളും ഉള്ളിലൊതുക്കി അടങ്ങിയിരിക്കാന്‍ നമ്മുടെ ലാലേട്ടന് തയ്യാറല്ല. ലാലേട്ടന്റെ ആഗ്രഹം വളരെ നിസാരമായിരുന്നു. ഒരു പൊറോട്ട കഴിക്കണം, അത്രമാത്രം. മേജര്‍ രവിയുടെ 1971 ബിയോണ്ട് ബോര്‍ഡര്‍ എന്ന സിനിമയുടെ ലൊക്കേഷനിലാണ് സംഭവം. അവിടെ ലാലേട്ടനും സംഘവും താമസിക്കുന്ന മഹാരാജാ ഹോട്ടലിനരികില്‍ നല്ല പൊറോട്ട കിട്ടുമെന്ന് ആരോ പറയുന്നത് ലാലേട്ടന് കേട്ടു.
കേട്ടപ്പോള്‍ അതൊന്നു കഴിക്കണമെന്നായി ആഗ്രഹം. അങ്ങനെ ലാലേട്ടനും മേജര്‍ രവിയും ഹോട്ടല്‍ തേടിയിറങ്ങി. ചെന്നെത്തിയത് ഒരു ചെറിയ ഹോട്ടലിനു മുന്നിലാണ്. രണ്ടുപേരും ഓര്‍ഡറൊക്കെ കൊടുത്ത് പൊറോട്ട കഴിച്ചുതുടങ്ങി. അപ്പോഴാണ് കടയുടമയ്ക്ക് ഒരു സംശയം തോന്നിയത്. എവിടെയോ കണ്ടു നല്ല പരിചയം. അയാള്‍ ഓടിച്ചെന്ന് ലാലേട്ടനോട് ചോദിച്ചു: ‘’ മോഹന്‍ലാലല്ലേ?’’ അതേ എന്നു ലാലേട്ടന് ചിരിച്ചുകൊണ്ട് തലയാട്ടി. അപ്പോഴേക്കും എല്ലാവരം താരത്തെ ശ്രദ്ധിച്ചുതുടങ്ങി. ഭക്ഷണം കഴിച്ച് തിരിച്ച് അവരോടു കുശലവും പറഞ്ഞാണ് ലാല്‍ ഹോട്ടലിലേക്കു പോയത്.’