പലപ്പോഴും പല തരത്തിലുള്ള പ്രോത്സാഹനങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും നല്‍കിയിട്ടുണ്ടെങ്കിലും ഇതാദ്യമായി മകന്റെ അഭിനയ ജീവിതത്തെക്കുറിച്ച് തന്റെ അഭിപ്രായം പങ്കുവച്ച് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. താര പുത്രന്റെ അഭിനയ ജീവിതവും അതിലെ തുടര്‍ച്ചയും ആരാധകരുടെയിടയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പ്രണവ് മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തെക്കുറിച്ച് മോഹന്‍ലാല്‍ തന്റെ അഭിപ്രായം പങ്കുവച്ചിരിക്കുന്നത്.
ദൈവത്തിന്റെ അനുഗ്രഹവും അവന്റെ കഴിവുമാണ് മുന്നോട്ടുള്ള കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത്. അവ രണ്ടും ഒരുപോലെയുണ്ടെങ്കില്‍ മുന്നോട്ടു തന്നെ പോവും. അപ്പോള്‍ പ്രേക്ഷകരുടെ പിന്തുണയും ലഭിക്കും. അഭിനയിക്കാനുള്ള കഴിവില്ലെങ്കില്‍ അവന് വേറെ ജോലി കണ്ടെത്തും.
മരക്കാര്‍ ഉള്‍പ്പെടെയുള്ള ഒരു സിനിമയും പ്ലാന്‍ ചെയ്ത് അഭിനയിച്ചതല്ല. അതില്‍ കല്ല്യാണി നായികയായതും അപ്രതീക്ഷിതമായിരുന്നു. എന്റെ കാര്യവും സമാനമാണ്. പത്മഭൂഷണ്‍ ലഭിച്ചതുകൊണ്ടോ വേറെന്തെങ്കിലും കൊണ്ടോ അഭിനയത്തിലും ജീവിതത്തിലും യാതൊരു മാറ്റവും ഉണ്ടായില്ല. എല്ലാം അതിന്റെ വഴിയ്ക്ക് സംഭവിക്കുകയാണ്. മലയാള സിനിമയെ, ഇന്ത്യന്‍ സിനിമയെ ലോകശ്രദ്ധയില്‍ പെടുത്തുക എന്നത് മാത്രമാണ് ലക്ഷ്യം വയ്ക്കുന്നത്. മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.