മോഹൻലാലിന്റെ മകൻ പ്രണവ് ജീത്തു ജോസഫ് ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. എന്തുകൊണ്ടാണ് അഭിനേതാവാകാൻ പ്രണവ് ഇത്ര വൈകിയതെന്ന ചോദ്യത്തിനു മോഹൻലാൽ തന്നെ മറുപടി പറഞ്ഞിരിക്കുന്നു.
എന്റെ മകൻ അപ്പു(പ്രണവ് മോഹൻലാൽ)വിനോട് അഭിനയിക്കാൻ പലരും മുന്പ് പറഞ്ഞതാണ്. ഞാനും പറഞ്ഞിരുന്നു. സിനിമ അഭിനയത്തോട് അന്ന് അയാൾക്കു താൽപ്പര്യം ഇല്ലായിരുന്നു. അവന് 26 വയസായി. അവന്റെ ഈ പ്രായത്തിൽ രാജാവിന്റെ മകൻ പോലെയുള്ള വലിയ സിനിമകൾ ഞാൻ ചെയ്തു കഴിഞ്ഞു-മോഹൻലാൽ പറയുന്നു.
സിനിമയിൽ അഭിനയിക്കാനുള്ള മോഹം ഞാൻ എന്റെ അച്ഛനെ അറിയിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, ആദ്യം ഡിഗ്രി എടുക്കാനാണ്. ഡിഗ്രി പൂർത്തിയാക്കിയശേഷമാണ് ഞാൻ സിനിമയിൽ എത്തിയത്. അപ്പുവിനോട് സിനിമയിൽ അഭിനയിക്കാൻ പലരും പറഞ്ഞിരുന്നു. ഞാനും പറഞ്ഞതാണ്. സ്കൂളിൽ ബെസ്റ്റ് ആക്ടറൊക്കെ ആയിരുന്നെങ്കിലും സിനിമാഭിനയത്തോട് അന്ന് അയാൾക്ക് താൽപ്പര്യമില്ലായിരുന്നു.
പിന്നീട് രണ്ടുസിനിമയ്ക്ക് അസി. ഡയറക്ടറായി അവൻ വർക്ക് ചെയ്തു. ഒരു സിനിമ ഉണ്ടാക്കുന്നതെങ്ങനെ എന്നു പഠിക്കാനായിരുന്നു അത്. പിന്നീട് ഏതോ ഒരു നിമിഷത്തിൽ അപ്പു സിനിമയിൽ അഭിനയിക്കാമെന്ന് സമ്മതിച്ചു. മകനായാലും മകളായാലും എന്റെ ഇഷ്ടങ്ങളൊന്നുംതന്നെ ഞാൻ അവരുടെമേൽ അടിച്ചേൽപ്പിക്കാറില്ല. അപ്പുവിനുവേണ്ടി ഒന്നോ രണ്ടോ സിനിമകൾക്ക് എന്നെക്കൊണ്ട് ഹെൽപ്പ് ചെയ്യാൻ പറ്റിയേക്കും. അല്ലാതെ ഒരു സെറ്റിൽ പോകുന്പോൾ ഇങ്ങനെ ചെയ്യണം, എങ്ങനെ അഭിനയിക്കണം എന്നൊന്നും പറഞ്ഞുകൊടുക്കാനാകില്ല. ഇത് ഒരു മെയ്ക്ക് ബിലീഫ് ആണ്.
സ്വന്തമായൊരു ശൈലി അപ്പു ഉണ്ടാക്കിയെടുക്കണം. നല്ല സിനിമകൾ കിട്ടണം. സിനിമകൾ നന്നായി വിജയിക്കണം. നന്നായി വരട്ടെ എന്ന് എന്റെ അച്ഛൻ എനിക്കുവേണ്ടി പ്രാർഥിച്ചപോലെ പ്രാർഥിക്കാനേ ഇപ്പോൾ കഴിയൂ. കാരണം, സിനിമയിൽ പിടിച്ചുനിൽക്കണമെങ്കിൽ കഴിവുമാത്രം പോരാ ഭാഗ്യവും വേണം- മോഹൻലാൽ പറയുന്നു.