കൊച്ചി: മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ എഎംഎംഎയിൽ (അമ്മ) ജനാധിപത്യമില്ലെന്ന് തുറന്നടിച്ച് നടി പത്മപ്രിയ. വാർത്താ സമ്മേളനത്തിൽ സംഘടനയുടെ പ്രസിഡന്റും നടനുമായ മോഹൻലാൽ പറഞ്ഞത് പലതും കളവാണെന്നും പത്മപ്രിയ പറയാതെ പറഞ്ഞു.
എഎംഎംഎയിൽ ജനാധിപത്യമുണ്ടെന്നാണ് പറയുന്നത്. എന്നാൽ എന്തിനാണ് ഭാരവാഹികളെ മുൻകൂട്ടി നിശ്ചയിച്ച ശേഷം തെരഞ്ഞെടുപ്പ് നടത്തുന്നത്. മത്സരിക്കാൻ താൽപര്യമുള്ളവരെപ്പോലും പിന്തിരിപ്പിക്കും.
മത്സരിക്കാനുള്ള താൽപര്യം പാർവതി അറിയിച്ചിരുന്നു. സെക്രട്ടറിയോടാണ് മത്സരിക്കാനുള്ള സന്നദ്ധത അറിയിച്ചത്. എന്നാൽ പാർവതിയെ സെക്രട്ടറി പിന്തിരിപ്പിക്കുകയായിരുന്നു. ഭാരവാഹികളെ മുൻകൂട്ടി നിശ്ചയിച്ച ശേഷമാണ് ജനറൽ ബോഡി ചേരുന്നതെന്നും അവർ കൂട്ടിച്ചേർത്തു. മലയാളം വാർത്താ ചാനലിനോടാണ് പത്മപ്രിയ ഇക്കാര്യം പറഞ്ഞത്.
സംഘടനയിൽനിന്നും രണ്ടു പേർ മാത്രമാണ് രാജിവച്ചതെന്ന മോഹൻലാലിന്റെ വാദങ്ങളെയും പത്മപ്രിയ തള്ളി. നടിമാരായ റിമ കല്ലിങ്കലും ഗീതു മോഹൻദാസും രാജിക്കത്ത് നൽകിയിട്ടുണ്ട്.
റിമയും ഗീതു മോഹൻദാസും ഇ-മെയിൽ വഴിയാണ് രാജിക്കത്ത് നൽകിയത്. രാജിക്കത്ത് കിട്ടിയില്ല എന്നു പറയുന്നത് എന്തുകൊണ്ടെന്ന് അറിയില്ല. സ്കിറ്റ് തമാശയായി കാണണം എന്നു പറയുന്നതും അംഗീകരിക്കാനാവില്ല. സ്ത്രീകളെ അപമാനിക്കുന്നതായിരുന്നു അത്. ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായും പത്മപ്രിയ പറഞ്ഞു.