ദിലീപ് പുറത്തു തന്നെ; തെറ്റുകാരനല്ലെങ്കിൽ തിരിച്ചെടുക്കും; സിനിമയിലെ അവസരങ്ങൾ ദിലീപ് ഇല്ലാതാക്കിയെന്ന് ഇരയായ പെണ്‍കുട്ടി പരാതി പറഞ്ഞിട്ടില്ല; ദിലീപ് പ്രതിയായ കേസിനെക്കുറിച്ച് തങ്ങൾക്ക് അന്നുമറിയില്ല, ഇന്നുമറിയില്ലെന്ന് മോഹൻലാൽ

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതി സ്ഥാനത്തുള്ള നടൻ ദിലീപ് താരസംഘടനയായ അമ്മയ്ക്ക് പുറത്താണെന്നും അയാൾ തെറ്റുകാരനല്ലെന്ന് കോടതി വിധിച്ചാൽ തിരിച്ചെടുക്കുമെന്നും നടൻ മോഹൻലാൽ. ദിലീപ് വിഷയത്തിൽ പൊതുസമൂഹത്തിൽ നിന്നുയർന്ന വിമർശനങ്ങളോട് പ്രതികരിക്കാൻ വിളിച്ച വാർത്താ സമ്മേളനത്തിലാണ് അമ്മയുടെ പ്രസിഡന്‍റ് കൂടിയായ മോഹൻലാൽ ഇക്കാര്യം വ്യക്തമാക്കിയത്.

അമ്മ എന്ന സംഘടന ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിക്ക് ഒപ്പമാണ്. വ്യക്തിപരമായി താനും ആ പെണ്‍കുട്ടിക്ക് ഒപ്പം തന്നെയാണ്. ഈ സംഭവത്തിന് മുൻപോ ശേഷമോ അവരെ മാറ്റിനിർത്തിയെന്ന് പറയുന്നതൊക്കെ തെറ്റാണ്. കഴിയാവുന്ന സഹായമെല്ലാം താരസംഘടന ചെയ്തു നൽകിയിട്ടുണ്ട്.

അടുത്തിടെ വിദേശത്ത് നടന്ന ഒരു ഷോയിലേക്ക് ആക്രമണത്തിന് ഇരയായ നടിയെ ക്ഷണിച്ചിരുന്നു. എന്നാൽ വരാൻ അവർ താത്പര്യം കാണിച്ചില്ല. സിനിമയിലെ അവസരങ്ങൾ ദിലീപ് ഇല്ലാതാക്കിയെന്ന് ഇരയായ പെണ്‍കുട്ടി ഒരു ഘട്ടത്തിലും അമ്മയോട് പരാതി പറഞ്ഞിട്ടില്ലെന്നും മോഹൻലാൽ പറഞ്ഞു.

കഴിഞ്ഞ അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ ദിലീപിനെ തിരിച്ചെടുക്കാൻ പ്രത്യേക അജണ്ടയുണ്ടായിരുന്നു എന്നൊക്കെ പറയുന്നത് തെറ്റായ കാര്യമാണ്. ഈ വിഷയം ഏറ്റവും ഒടുവിൽ ചർച്ച ചെയ്യാനിരുന്നതാണ്. എന്നാൽ ജനറൽ ബോഡി യോഗത്തിൽ ചില അംഗങ്ങൾ ഇക്കാര്യം നേരത്തെ ഉന്നയിക്കുകയായിരുന്നു.

ദിലീപിനെ തിരിച്ചെടുക്കുന്ന വിഷയത്തിൽ ആരും എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തില്ല. പുറത്താക്കിയതും തിരിച്ചെടുത്തതും ദിലീപിനെ രേഖാമൂലം അറിയിച്ചിരുന്നുമില്ല. കേസ് കഴിയുന്നത് വരെ സംഘടനയിലേക്ക് ഇല്ലെന്ന് ദിലീപ് തന്നെ വ്യക്താമാക്കിയ സ്ഥിതിക്ക് തങ്ങൾ അദ്ദേഹത്തെ ക്ഷണിച്ചിട്ട് എന്ത് കാര്യമെന്നും മോഹൻലാൽ ചോദിച്ചു.

അമ്മയുടെ കഴിഞ്ഞ ജനറൽ ബോഡി യോഗത്തിന് ശേഷം വാർത്താസമ്മേളനം വിളിക്കാതിരുന്നത് തെറ്റായിപ്പോയി. അതിന് മുൻപ് നടന്ന യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിലെ സംഭവങ്ങൾ കൊണ്ടാണ് അത്തരമൊരു തീരുമാനമെടുത്തത്. അത് തെറ്റായിപ്പോയെന്നും ഖേദമുണ്ടെന്നും മോഹൻലാൽ പറഞ്ഞു.

ദിലീപ് പ്രതിയായ കേസിനെക്കുറിച്ച് തങ്ങൾക്ക് അന്നുമറിയില്ല, ഇന്നുമറിയില്ല. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അമ്മ പിളരുന്ന സാഹചര്യത്തിലേക്ക് എത്തി. മാത്രമല്ല, ദിലീപ് അംഗമായ ഫെഫ്ക ഉൾപ്പടെയുള്ള സംഘടനകൾ അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു.

സംഘടന പിളരാതിരിക്കാനും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് ദിലീപിനെ അമ്മയിൽ നിന്നും മാറ്റിനിർത്താൻ തീരുമാനിച്ചത്. എന്നാൽ പിന്നീട് പരിശോധിച്ചപ്പോൾ ഈ തീരുമാനം നിയമപരമായി നിലനിൽക്കില്ലെന്ന് ബോധ്യമായി. ഇക്കാര്യം അടുത്തിടെ നടന്ന അമ്മ ജനറൽ ബോഡി യോഗത്തിൽ ചിലർ സൂചിപ്പിക്കുകയും ചെയ്തുവെന്നും ഇതാണ് അദ്ദേഹം സംഘടനയിൽ തിരിച്ചെത്തിയെന്ന സാചര്യത്തിന് പിന്നിലെന്നും മോഹൻലാൽ വ്യക്തമാക്കി.

Related posts