ഡബ്യൂസിസിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അമ്മ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ എല്ലാം വിശദീകരിച്ച് പ്രസിഡന്റ് മോഹന്‍ലാല്‍. തങ്ങള്‍ക്കിടയില്‍ ഭിന്നതയില്ലെന്നും ദിലീപിനെ പുറത്താക്കിയെന്നും വ്യക്തമാക്കിയ ലാല്‍ അലന്‍സിയറിനെതിരേ സംഘടനയ്ക്ക് പരാതി കിട്ടിയിട്ടുണ്ടെന്നും വ്യക്തമാക്കി. താന്‍ രാജി ആവശ്യപ്പെട്ടുവെന്നും ദിലീപ് രാജിക്കത്ത് നല്‍കിയെന്നും സംഘടന രാജി സ്വീകരിച്ചുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.
കഴിഞ്ഞദിവസം കീരിയും പാമ്പും പോലെ പോരടിച്ച സിദ്ധിഖും ജഗദീഷും അടുത്ത സുഹൃത്തുക്കളെ പോലെയാണ് പത്രസമ്മേളനത്തിനെത്തിയത്. വിമണ്‍ ഇന്‍ കളക്ടീവിനെതിരേ കഴിഞ്ഞദിവസങ്ങളില്‍ ആഞ്ഞടിച്ച സിദ്ധിഖ് തന്റെ നിലപാടില്‍ മാറ്റംവരുത്താന്‍ പത്രസമ്മേളനത്തിലും തയാറായില്ല. എന്നാല്‍ താന്‍ പറഞ്ഞതൊന്നും സംഘടനയുടെ തലയില്‍ വയ്‌ക്കേണ്ടെന്നും തന്റെ മാത്രം അഭിപ്രായമാണെന്നും അദേഹം പറയുന്നു.
രാജിവച്ച അംഗങ്ങളെ തിരിച്ചെടുക്കുമോയെന്ന ചോദ്യത്തിന് ലാലിന്റെ മറുപടി ഇങ്ങനെ- അമ്മയില്‍ നിന്ന് രാജിവെച്ച് പോയ നടിമാര്‍ക്ക് സംഘടനയില്‍ തിരികെ വരണമെന്നുണ്ടെങ്കില്‍ വീണ്ടും അപേക്ഷ നല്‍കാം. എന്നാല്‍ തിരിച്ചെടുക്കണമോ വേണ്ടെയോ എന്ന് എക്സിക്യൂട്ടീവ് കമ്മറ്റി ചേര്‍ന്ന് അപ്പോള്‍ തീരുമാനിക്കും. കെപിഎസി ലളിതയുടെ വാക്കുകള്‍ നിഷ്‌കളങ്കമായ നാടന്‍ പ്രയോഗങ്ങളാണെന്നും ലാല്‍ പറഞ്ഞു.
മുകേഷിനെതിരായ മീ ടു ആരോപണത്തില്‍ നടപടി ഉണ്ടാകില്ലെന്ന സൂചനയാണ് ലാല്‍ നല്കിയത്. പരാതി ലഭിക്കാത്തതാണ് കാരണം. എന്നാല്‍ അലന്‍സിയറിന്റെ കാര്യത്തില്‍ പരാതി ലഭിച്ചിട്ടുണ്ട്. അടുത്ത ജനറല്‍ ബോഡിയില്‍ നടപടി ഉണ്ടാകുമെന്നും വ്യക്തമാക്കി. അലന്‍സിയറെ രക്ഷപ്പെടുത്താന്‍ ഡബ്യൂസിസി ശ്രമിച്ചെന്ന ആരോപണം പത്രസമ്മേളനത്തിനിടെ സിദ്ധിഖ് ഉന്നയിച്ചു.