മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമാ കൂട്ടുകെട്ടില്‍ ഒന്നാണ് മോഹന്‍ലാല്‍-പ്രിയദര്ശന് ടീം. ഇവരുടെതായി പുറത്തിറങ്ങിയ മിക്ക സിനിമകള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്.
ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ചിത്രങ്ങള്‍ മുതല്‍ ശക്തമായ പ്രമേയം പറഞ്ഞ സിനിമകള്‍ വരെ മോഹന്‍ലാല്‍ -പ്രിയദര്ശന് കൂട്ടുകെട്ടില്‍ ഇറങ്ങി.
ഇവര്‍ക്കൊപ്പം ശ്രീനിവാസനും ചേര്‍ന്നപ്പോള്‍ ശ്രദ്ധേയമായ നിരവധി സിനിമകളാണ് നമുക്ക് ലഭിച്ചത്. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടില്‍ വന്ന സിനിമകളെല്ലാം ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ടവയാണ്.
അതേസമയം സ്ക്രിപ്റ്റ് ചോദിക്കാതെ മോഹന്‍ലാല്‍ അഭിനയിക്കുന്നത് ആരുടെ സിനിമകളിലാണെന്ന് പറയുകയാണ് പ്രിയദര്ശന്. ഒരു അഭിമുഖത്തിലാണ് പ്രിയദര്ശന് മനസുതുറന്നത്.
രണ്ട് പേരോടാണ് അങ്ങനെ മോഹന്‍ലാല്‍ ചെയ്യാറുളളത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏതോ ഒരാളുടെ സിനിമ തുടങ്ങാന്‍ പോവുകയാണ്. അന്ന് ഞാന്‍ ഒരു സിനിമ ചെയ്തുകൊണ്ടിരിക്കുന്നു.
എന്റെ കൂടെ ശ്രീനിവാസനും ഉണ്ട്. ഞങ്ങള്‍ രണ്ട് പേരും ഒരു ടാക്സിയുടെ അടുത്ത് നില്‍ക്കുകയാണ്. അടുത്ത ഷോട്ട് എങ്ങനെ എടുക്കണമെന്ന് ഞാന്‍ ശ്രീനിയോട് ചോദിക്കുമ്പോള്‍ അടുത്തൊരിടത്ത് തര്‍ക്കം നടക്കുന്നത് കണ്ടു.
അടുത്ത സിനിമ ഞാന്‍ ചെയ്യുന്നില്ല എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ഇങ്ങനെ ചെയ്ത് ചെയ്ത് എന്റെ സിനിമകള്‍ മോശമായികൊണ്ടിരിക്കുന്നു.
ഇനി സ്ക്രിപ്റ്റ് വായിക്കാതെ ഒരാളുടെയും സിനിമ ചെയ്യുന്ന പ്രശ്നമില്ലെന്ന് തറപ്പിച്ച് മോഹന്‍ലാല്‍ പ്രൊഡ്യൂസേഴ്സിനോട് പറഞ്ഞു. പൈസ വേണേല്‍ തിരിച്ചുമേടിച്ചോളൂ.
സ്ക്രിപ്റ്റില്ലാതെ ഞാന്‍ അഭിനയിക്കില്ല എന്നു മോഹന്‍ലാല്‍ പറഞ്ഞു. അത് പറഞ്ഞയുടനെ എന്നെയും ശ്രീനിയെയും ലാല്‍ കണ്ടു. ഞങ്ങളെ നോക്കി പിന്നെ ഇവന്മാരുടെ അടുത്ത് പറഞ്ഞിട്ട് കാര്യമില്ല.
ഇവരെ രണ്ട് പേരേം അങ്ങ് വിട്ടേക്ക്… എന്ന് മോഹന്‍ലാല്‍ പറഞ്ഞു. ലാലു പറഞ്ഞ “ആ വിട്ടേക്ക്…” എന്നത് ഞങ്ങള്‍ക്ക് തന്ന കോണ്‍ഫിഡന്‍സ് ആണ്. അതില്‍ നിന്നുണ്ടായ ഉത്തരവാദിത്വം ആണ് എന്റെയും ലാലിന്റെയും സിനിമകള്‍ കൂടുതലും നന്നാവാന്‍ കാരണം.
മോശമായ സിനിമകളും ഞങ്ങളുടെ കൂട്ടുകെട്ടില്‍ ഇറങ്ങിയിട്ടുണ്ട്. എന്നാലും, കൂടുതല്‍ നന്നാവാന്‍ കാരണം പരസ്പരമുളള കോണ്ട്രിബ്യൂഷന് ആണ്, ആ ഉത്തരവാദിത്വ ബോധം.
ലാലു നമ്മളോട് കാണിക്കുന്ന വിശ്വാസം തിരിച്ചുകൊടുക്കണമെന്നതിലുളള ഒരു ശ്രമം ഉണ്ടല്ലോ. ആ ശ്രമമാണ് എപ്പോഴും എന്നില്‍ നിന്നും ഉണ്ടാകാറുളളത്- പ്രിയദര്ശന് വ്യക്തമാക്കി. -പിജി