അമ്മയുടെ പ്രസിഡന്റ് സ്ഥാനം മോഹന്‍ലാല്‍ വൈകാതെ രാജിവച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സിനിമരംഗത്തു നിന്നുള്ള അടുത്തവൃത്തങ്ങള്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം അടുത്ത പ്രസിഡന്റാകാനുള്ള നീക്കങ്ങള്‍ സിദ്ധിഖ് നടത്തുന്നതായി അമ്മയിലെ ഒരുപക്ഷം ആരോപിക്കുന്നു. മോഹന്‍ലാലിനെയും അമ്മ നേതൃത്വത്തെയും കരിവാരി തേക്കുകയെന്ന ഉദേശത്തോടെയാണ് സിദ്ധിഖ് പത്രസമ്മേളനം വിളിച്ച് ഡബ്യൂസിസി അംഗങ്ങളെ അപമാനിച്ചതെന്നും ഇവര്‍ പറയുന്നു.
സിദ്ദിഖിന്റെ അഭിപ്രായപ്രകടനങ്ങള്‍ പലപ്പോഴും താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിനെ പ്രതിരോധത്തിലാക്കുന്നുവെന്ന് സംഘടനിയിലെ ഒരു വിഭാഗം. ഇപ്പോഴുണ്ടാകുന്ന വിവാദങ്ങളൊക്കെ മോഹന്‍ലാലിനെ ബലിയാടാക്കി സിദ്ദിഖിന് സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്താനുള്ള നീക്കമാണെന്ന് മുതര്‍ന്ന ഭാരവാഹികളില്‍ ഒരാള്‍ പറഞ്ഞു. ഇക്കാര്യം മോഹന്‍ലാല്‍ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദിലീപ് വിഷയത്തില്‍ ഇടഞ്ഞു നില്ക്കുന്ന നടിമാരുമായി ചര്‍ച്ച നടത്തി പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്നാണ് ലാലിന്റെ നിലപാട്. ട്രഷറര്‍ ജഗദീഷ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലും ഇക്കാര്യമാണ് അറിയിച്ചിരുന്നത്.
മോഹന്‍ലാലുമായി ചര്‍ച്ച നടത്തിയാണ് വാര്‍ത്താക്കുറിപ്പ് തയ്യാറാക്കിയതെന്ന് ജഗദീഷ് പറഞ്ഞിരുന്നു. എന്നാല്‍ സിദ്ദിക്കും കെപിഎസി ലളിതയും ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജഗദീഷിന്റെ വാര്‍ത്താ കുറിപ്പ് പൂര്‍ണമായും തള്ളുകയായിരുന്നു. ഇത് മോഹന്‍ലാലിന് അതൃപ്തിയുണ്ടാക്കി.
അമ്മ ഡബ്ല്യുസിസി തര്‍ക്കം ആളിക്കത്തിക്കാനാണ് സിദ്ദിഖ് ശ്രമിച്ചതെന്നും മോഹന്‍ലാലിനെ പ്രതിരോധത്തിലാക്കാനുള്ള നീക്കമായി ഇതിനെ കാണണമെന്നും ഇവര്‍ പറയുന്നു. അമ്മ അംഗങ്ങള്‍ ഉള്‍പ്പെട്ട വാട്സ്ആപ് ഗ്രൂപ്പില്‍ കഴിഞ്ഞ ദിവസം ജഗദീഷിന്റെയും ബാബുരാജിന്റേതുമായി വന്ന സന്ദേശങ്ങളിലും ഇത്തരത്തില്‍ ആരോപണങ്ങളുണ്ടായിരുന്നു.
മോഹന്‍ലാല്‍ പ്രസിഡന്റ് ആയിരിക്കെ ആ പണി വേറെ ആരും ഏറ്റെടുക്കേണ്ടതില്ല എന്ന നിലപാടിലാണ് നിര്‍വാഹക സമിതിയില്‍ മോഹന്‍ലാലിനെ അനുകൂലിക്കുന്ന വിഭാഗം.
മോഹന്‍ലാല്‍ ഒരു വൃത്തികേടിനും കൂട്ടുനില്‍ക്കുന്ന ആളല്ലെന്നും അദ്ദേഹം അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഉടന്‍ രാജിവയ്ക്കുമെന്നും നിര്‍മാതാവും സിനി എക്സിബിറ്റേഴ്സ് അധ്യക്ഷനുമായ ലിബര്‍ട്ടി ബഷീര്‍ പറയുന്നു.
സിദ്ധിക്കും മുകേഷും ഗണേഷുമടക്കം നാലഞ്ചുപേരാണ് അമ്മയിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ദിലീപിനോടുള്ള അമിതവിധേയത്വം അമ്മയെ പ്രതിസന്ധിയിലാക്കുമെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു.
മോഹന്‍ലാലിനെ ഒരു വൃത്തികേടിനും കൂട്ടുനില്ക്കാന് കിട്ടില്ല. ഈ രീതിയിലാണ് കാര്യങ്ങളെങ്കില്‍ ലാല്‍ രാജിവയ്ക്കും. മമ്മൂട്ടി ആ സംഘടനയില്‍ ഒരു സാധാരണ മെമ്പര്‍ഷിപ്പുമായി നില്ക്കുന്നതും ഇതേ കാരണം കൊണ്ടാണ്. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് മഞ്ജു വാര്യര്‍ ഇപ്പോഴുമുള്ളത്. ആ കുട്ടിക്ക് വേണ്ടിയാണ് മഞ്ജു എല്ലാം സഹിച്ചത്.
മോഹന്‍ലാലിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നതുകൊണ്ടും സിനിമയില്‍ സജീവമായിരിക്കുന്നതുകൊണ്ടുമാണ് മഞ്ജു ഇപ്പോള്‍ മിണ്ടാതിരിക്കുന്നത്. അവര്‍ നിശബ്ദരായിരിക്കുന്നതുകൊണ്ട് അവര്‍ മിണ്ടില്ല എന്ന് കരുതേണ്ടെന്നും ബഷീര്‍ പറയുന്നു.