കൊച്ചി: മീടു ക്യാമ്പയിനെ മോശമായി ചിത്രീകരിച്ച നടൻ മോഹൻലാലിനു മറുപടിയുമായി രേവതി. ചൊവ്വയില്‍ നിന്നു ഇപ്പോൾ എത്തിയവര്‍ക്ക് അതിക്രമത്തിന്റെ അർഥം മനസിലാകണമെന്നില്ലെന്ന് രേവതി ട്വിറ്ററിൽ കുറിച്ചു. മോഹന്‍ലാലിന്റെ പേര് പറയാതെ ‘ഒരു പ്രമുഖ നടൻ’ എന്ന പ്രയോഗത്തോടെയായിരുന്നു രേവതിയുടെ പ്രതികരണം.
‘‘മീ ടൂ മൂവ്മെന്റ് ഒരു ഫാഷനാണെന്നാണ് ഒരു പ്രമുഖ അഭിനേതാവ് പറയുന്നു. ഇങ്ങനെയുള്ളവരിൽ അവബോധത്തിന്റെ കണികയെങ്കിലും ഉളവാക്കാൻ നമുക്കെങ്ങനെ കഴിയും? അഞ്ജലി മേനോന് പറഞ്ഞതുപോലെ ചൊവ്വയില്‍ നിന്നു ഇപ്പോൾ എത്തിയവര്‍ക്ക് അതിക്രമത്തിന്റെ അർഥം മനസിലാകണമെന്നില്ല, അത് തുറന്നു പറയാൻ അനുഭവിക്കുന്ന പ്രയാസവും അറിയില്ല. ആ തുറന്നു പറച്ചിലിന് എന്ത് മാറ്റം കൊണ്ടുവരാൻ കഴിയുമെന്നും അറിയില്ല.’’‐ രേവതി ട്വിറ്ററില്‍ കുറിച്ചു.
മീ ടൂ ഒരു ഫാഷനായി മാറിയിരിക്കുകയാണെന്നായിരുന്നു മോഹന്‍ലാലിന്റെ പരാമര്‍ശം.