ദൃശ്യം തരംഗം സൃഷ്ടിച്ചു മുന്നേറുന്പോൾ മോഹൻലാൽ മറ്റൊരു കുപ്പായം അണിയുകയാണ്. ആക്ഷൻ കേട്ടു ഭാവാഭിനയത്തെ വെള്ളിത്തിരയിലേക്കു വാരി വിതറിയിടത്തുനിന്നും ഇനി ആക്ഷൻ പറയാനൊരുങ്ങുകയാണ് താരം.
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ വർക്കുകൾ തുടങ്ങിക്കഴിഞ്ഞു. മാർച്ചിൽ ഷൂട്ടിംഗ് ആരംഭിക്കുകയാണ്.
വാസ്കോ ഡി ഗാമ ലോകത്തിന്റെ നാനാഭാഗത്തുനിന്നും ശേഖരിച്ച രത്നങ്ങളുടെയും സുവർണനിധികളുടെയും കാവൽക്കാരനാണ് ബറോസ് എന്ന ഭൂതം. നാനൂറു വർഷത്തിലേറെയായി പോർച്ചുഗീസ് തീരത്ത് അയാൾ കാത്തിരിക്കുകയാണ്.
ഓരോ കപ്പലെത്തുന്പോഴും നിധിയുടെ അവകാശിയെ അയാൾ തിരയും. ഗാമ നൽകിയ നിധിശേഖരം ഗാമയുടെ പിൻഗാമിയെന്നുറപ്പുള്ളയാൾക്കു മാത്രമെ ബറോസ് കൈമാറുകയുള്ളൂ.
അങ്ങനെയിരിക്കെ ഒരുദിവസം തീരത്തേക്കൊരു കുട്ടി ബറോസിനെ തേടിവന്നു. ഗാമയുടെ പിൻതുടർച്ചക്കാരൻ താനാണെന്ന് അവൻ പറഞ്ഞു.
പിന്നീട് കടലിലൂടെയും കാലത്തിലൂടെയും കുട്ടിയുടെ മുൻഗാമികളെ കണ്ടെത്താൻ ഭൂതം നടത്തുന്ന യാത്രയാണ് ബറോസ് എന്ന ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.
പ്രേക്ഷകന്റെ മുന്നിലേക്കു കഥയും കഥാപാത്രവും മായക്കാഴ്ചകളും കടന്നുവരികയാണ്. ത്രീഡി സ്ക്രീനിൽ തിയറ്റർ മുഴുവനും അദ്ഭുത ലോകമാകുന്ന ദൃശ്യമാന്ത്രികതയാണ് മോഹൻലാൽ തന്റെ പ്രഥമ സംവിധാന സംരംഭത്തിൽ ഒരുക്കുന്നത്.
മോഹൻലാൽ തന്നെയാണ് സിനിമയിൽ ബറോസ് എന്ന ഭൂതത്തെ അവതരിപ്പിക്കുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രഹകൻ.
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന മൈ ഡിയർ കുട്ടിച്ചാത്തൻ ഒരുക്കിയ നവോദയ ജിജോയുടെ കഥയിലാണ് മോഹൻലാൽ സിനിമയൊരുക്കുന്നത്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുന്പാവൂരാണ് നിർമാണം. വാസ്കോ ഡി ഗാമയുടെ വേഷത്തിൽ സ്പാനിഷ് നടൻ റാഫേൽ അമർഗോ എത്തും.
സ്പാനിഷ് അഭിനേത്രി പാസ്വേഗയും ചിത്രത്തിലുണ്ട്. ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രഷർ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ഗോവയാണ്.
വിഷ്വൽ എഫക്ട്സിനു വളരെ പ്രാധാന്യമുള്ള ചിത്രം വന്പൻ മുതൽ മുടക്കിലാണ് ഒരുക്കുന്നത്. പ്രേക്ഷകരെ ഒരു ഫാന്റസി ലോകത്തേക്കാണ് ബറോസ് വിളിക്കുന്നത്. മോഹൻലാൽ എന്ന മാന്ത്രികനൊപ്പം നമുക്കും പോകാം…