താരരാജാക്കന്മാരുടെ സിനിമകള്‍ റിലീസ് ചെയ്യുമ്പോള്‍ ആരാധനയും ആവേശവും മൂത്ത് ആളുകള്‍ കാട്ടികൂട്ടുന്നതെന്തൊക്കെയാണെന്ന് അവര്‍ക്കുപോലും അറിയില്ല. ഇത്തരത്തില്‍ മോഹന്‍ലാല്‍ ചിത്രമായ വില്ലന്‍ റിലീസ് ചെയ്തയവസരത്തില്‍ തിയറ്ററിലിരുന്ന് സിനിമ മൊബൈലില്‍ പകര്‍ത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ നായകന്‍ മോഹന്‍ലാലിന്റെ കാരുണ്യത്തില്‍ യുവാവ് കേസില്‍ നിന്ന് ഒഴിവായിരിക്കുന്നു. പോലീസ് താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു. മോഹന്‍ലാലുമായി സംസാരിച്ച ശേഷം സംവിധായകന്‍ പരാതിയില്ലെന്നു പോലീസിനെ അറിയിച്ചതിനെത്തുടര്‍ന്നാണിത്.
‘മോഹന്‍ലാലിനോടുള്ള ആരാധന മൂലം കുറേ ഫോട്ടോകള്‍ മാത്രമാണു മൊബൈലില്‍ പകര്‍ത്തിയതെന്ന് ബോധ്യപ്പെട്ടതിനാല്‍ പരാതി പിന്‍വലിക്കുന്നു’ എന്നു വിതരണക്കാരുടെ പ്രതിനിധി എഴുതിക്കൊടുത്തതിനെ തുടര്‍ന്നാണു യുവാവിനെ കേസെടുക്കാതെ വിട്ടത്. ഇന്നലെ പുറത്തിറങ്ങിയ പടത്തിന്റെ ആദ്യത്തെ പ്രദര്‍ശനം കാണാന്‍ മലയോരത്തെ ചെമ്പന്തൊട്ടിയില്‍ നിന്ന് അതിരാവിലെ നഗരത്തിലെത്തിയ യുവാവാണു കുടുങ്ങിയത്. രാവിലെ എട്ടിനു തുടങ്ങിയ ഫാന്‍സ് ഷോയ്ക്കു വലിയ തുകയ്ക്കു ടിക്കറ്റ് വാങ്ങിയാണു വന്നത്. പടം തുടങ്ങിയ ഉടന്‍ യുവാവു മൊബൈലില്‍ പകര്‍ത്തുന്നതു കണ്ടു ചിലര്‍ വിതരണക്കാരുടെ പ്രതിനിധിയെ അറിയിച്ചു. തുടര്‍ന്നു പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. വിതരണക്കാര്‍ രേഖാമൂലം പരാതി നല്‍കുകയും ചെയ്തു.
മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ സിനിമയുടെ ടൈറ്റില്‍ അടക്കം ഒന്നര മിനിറ്റ് ദൃശ്യങ്ങള്‍ മാത്രമാണു കണ്ടത് എന്നാണു വിവരം. താന്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണെന്നും ലാലിന്റെ എല്ലാ പടവും ആദ്യദിവസം കാണാറുണ്ടെന്നും ദുരുദ്ദേശ്യങ്ങളൊന്നുമില്ലെന്നും യുവാവ് അവകാശപ്പെട്ടു. ഇക്കാര്യം ബോധ്യപ്പെട്ട പോലീസ് വിവരം സംവിധായകന്‍ ബി.ഉണ്ണിക്കൃഷ്ണനെ ഫോണില്‍ അറിയിച്ചു. മോഹന്‍ലാല്‍ തിരുവനന്തപുരത്തു സിനിമ കാണുകയാണെന്നും അതു കഴിഞ്ഞു ലാലിനോടും നിര്‍മ്മാതാവിനോടും സംസാരിച്ചു തീരുമാനം അറിയിക്കാമെന്നുമായിരുന്നു സംവിധായകന്റെ മറുപടി. തങ്ങള്‍ക്കു പരാതിയില്ലെന്നു സംവിധായകന്‍ പിന്നീടു പോലീസിനെ അറിയിച്ചു. പരാതി പിന്‍വലിക്കുന്നതായി വിതരണക്കാരുടെ പ്രതിനിധി എഴുതിക്കൊടുക്കുകയും ചെയ്തതോടെ യുവാവിനെ വിട്ടയച്ചു.