സമൂഹമാധ്യമങ്ങളുടെ കടന്നു വരവോടെ സാധാരണക്കാരേക്കാളുപരിയായി പ്രശസ്തര്‍ പ്രത്യേകിച്ച്, സിനിമാ താരങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് കുറച്ചൊന്നുമല്ല. അടുത്ത കാലത്തു തന്നെ അതിനുള്ള നിരവധി ഉദാഹരണങ്ങള്‍ സമൂഹം കാണുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ മലയാളികളുടെ സ്വകാര്യ അഹങ്കാരവും സൂപ്പര്‍ സ്റ്റാറുമായ മോഹന്‍ലാല്‍ ,താന്‍ വാട്ട്സ്ആപ്പ് ഉപയോഗം നിര്‍ത്തിയതായി അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിനിടെയാണ് താന്‍ വാട്ട്സ്ആപ്പ് ഉപയോഗം നിര്‍ത്തിയ കാര്യവും അതിനുള്ള കാരണങ്ങളുമ മോഹന്‍ലാല്‍ വിശദീകരിച്ചത്.
വാട്ട്സാപ്പ് ഉപേക്ഷിച്ചപ്പോള്‍ സമാധാനവും സന്തോഷവും തിരികെ ലഭിച്ചെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. വാട്ട്സാപ്പ് ഉപേക്ഷിച്ചതോടെ ജീവിതത്തില്‍ മറ്റു കാര്യങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്താനായെന്നും ധാരാളം സമയമം ലാഭിക്കാനായെന്നും മോഹന്‍ലാല്‍ പറഞ്ഞു.
വാട്ട്സാപ്പ് ഉപേക്ഷിച്ചതോടെ പത്രവായനയും പുസ്തകവായനയും തിരിച്ചുവന്നു. അടുപ്പമുള്ളവരുമായി സംസാരിക്കാന്‍ വാട്ട്സാപ്പ് ആവശ്യമില്ല. അത്യാവശ്യകാര്യങ്ങള്‍ക്കായി മെയില്‍ ഉപയോഗിക്കും. വലിയ ഭാരം ഒഴിഞ്ഞു പോയ പോലെ തോന്നുന്നുവെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
കാറില്‍ ഇരിക്കുമ്പോഴും വിമാനത്താവളത്തിലായാലും കാഴ്ച്ചകള്‍ കാണുകയും മനുഷ്യരെ അറിയുകയും ചെയ്യുമായിരുന്നു എന്നാല്‍ ഫോണില്‍ നോക്കിയിരിക്കാന്‍ തുടങ്ങിയതോടെ അതെല്ലാം നഷ്ടമായി. ഇപ്പോള്‍ എല്ലാവരും ഫോണ്‍ കാരണം തലകുനിച്ചാണ് ഇരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.