പ്രളയം കഴിഞ്ഞു ഇനി ജീവിതം ! എന്റെ നാടിനെ മുമ്പത്തേക്കാളേറെ സ്‌നേഹിക്കുന്നു; പൊരുതുക നിങ്ങള്‍ തനിച്ചല്ലെന്ന് മോഹന്‍ലാല്‍

പ്രളയക്കെടുതിയെ നേരിടാന്‍ ജനങ്ങള്‍ക്കൊപ്പം താനുമുണ്ടെന്ന് മോഹന്‍ലാല്‍. ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് നടന്‍ ഇക്കാര്യം വ്യക്തമാക്കിയത്.’പ്രളയം കഴിഞ്ഞു. ഇനി ജീവിതം. തോല്‍ക്കാന്‍ മനസ്സിലാത്ത വീരന്മാരുടെ നാടാണ് എന്റെ കേരളം.

ഒരു മലയാളി എന്ന നിലയില്‍ ഞാനിന്ന് കൂടുതല്‍ അഭിമാനിക്കുന്നു. എന്റെ നാടിനെ മുമ്പത്തേക്കാളേറെ ഇന്ന് സ്നേഹിക്കുന്നു. പ്രളയത്തില്‍ മുങ്ങിയ എന്റെ കേരളം എത്ര വേഗമാണ് ജീവിതത്തിലേക്ക് പിച്ച വെക്കാന്‍ തുടങ്ങുന്നത്. നമുക്കത് സാധിക്കും നമുക്കേ സാധിക്കൂ.

പ്രിയപ്പെട്ടവരെ ഒരു ദുരന്തത്തിനും വിട്ടു കൊടുക്കാതെ വാരിയെടുത്ത സ്നേഹത്തിന്റെ കൈകള്‍ അത് ഇന്ന് അവസാനിക്കുന്നതല്ല. എനിക്കതില്‍ ഉറപ്പുണ്ട്. ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് മടങ്ങുന്ന നിങ്ങള്‍ ഒറ്റയ്ക്കല്ല. മുഖ്യമന്ത്രി പറഞ്ഞത് പോലെ നമ്മള്‍ ഒരുമിച്ചാണ് പോകുന്നത്.

നിങ്ങളുടെ ജീവിതം ഇനി ഞങ്ങളുടേത് കൂടിയാണ്. ഒരു മലയാളിയും ഇനി മറ്റൊരു മലയാളിക്ക് അന്യനല്ല. ആവരുത്. ഈ പ്രളയം നമ്മെ പഠിപ്പിച്ച കാര്യം അതാണ്. മണ്ണിനെ മനുഷ്യനെ പ്രകൃതിയെ സ്നേഹിച്ച് കൊണ്ട് അല്‍പം കാരുണ്യത്തോടെ ജീവിക്കാന്‍.

എനിക്ക് ഉറപ്പുണ്ട് എന്റെ നാട് കൂടുതല്‍ കരുത്താര്‍ജ്ജിക്കാന്‍ പോവുകയാണ്. ആ മഹാവിപ്ലവത്തിന്റെ സമരമുഖത്താണ് നമ്മള്‍. പൊരുതുക. ഒപ്പം ചേരാന്‍ ഞാനുണ്ട്.

Related posts