ബിജോ ജോ തോമസ്
ചില വ്യക്തിത്വങ്ങൾ അങ്ങനെയാണ്.. അവർക്കു മുന്നിൽ കാലവും പ്രായവുമെല്ലാം മാറിനിൽക്കും. തലമുറകളുടെ പ്രതീകങ്ങളായി അവർ നിലനിൽക്കും. കേരളസമൂഹത്തിൽ ഇങ്ങനെയൊരു അപൂർവ ഭാഗ്യം ലഭിച്ചവരിൽ ഒരാളാണു മോഹൻലാൽ.
പതിനെട്ടാം വയസിൽ തുടങ്ങിയ അഭിനയം. ഇന്നിപ്പോൾ അറുപതാം വയസിൽ എത്തിനിൽക്കുന്പോൾ ലാലിനു മാത്രം മാറ്റമില്ല. എണ്പതുകളിലെ ഒരു വയസുകാരനും 2020ലെ കൊച്ചുകുഞ്ഞിനും ലാലേട്ടൻ എന്ന ഇമേജ് ഒന്നു തന്നെ. നാൽപതു വർഷത്തെ കരിയർ പിന്നിട്ട് 60 വയസിൽ എത്തിനിൽക്കുന്പോൾ തന്റെ താരപദവിയിൽ അജയ്യനായി നിലനിൽക്കുകയാണ് അദ്ദേഹം.
ലാലിന്റെ കരിയറിനെക്കുറിച്ച് അപഗ്രഥിക്കുംമുന്പ് അദ്ദേഹത്തിന്റെ സവിശേഷമായ വ്യക്തിത്വത്തെക്കുറിച്ചും അറിയേണ്ടതുണ്ട്. സിനിമയിലെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും യഥാർഥ മോഹൻലാലും തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ട്.
കരിയറിന്റെ ആദ്യഘട്ടങ്ങളിൽ പൊതുവേ ഉൾവലിഞ്ഞ രീതിയായിരുന്നു അദ്ദേഹത്തിന്റേത്. അടുത്ത സുഹൃദ്വലയത്തിൽ മാത്രം മനസു തുറക്കുന്ന പ്രകൃതം. പരിചയമില്ലാത്ത വ്യക്തികളോടോ സദസിനോടോ സംവദിക്കാൻ ലാലിനു വലിയ മടിയായിരുന്നു.
എന്നാൽ, കാലക്രമേണ അദ്ദേത്തിന്റെ വ്യക്തിത്വത്തിൽ വലിയ മാറ്റങ്ങളാണുണ്ടായത്. എണ്പതുകളിലോ തൊണ്ണൂറുകളിലോ നമ്മൾ കണ്ട മോഹൻലാൽ അല്ല ഇന്ന്. ഒരു നടൻ എന്നതിനപ്പുറം സമൂഹത്തിന്റെ പ്രശ്നങ്ങളിൽ ഇടപെടുന്ന, അതിൽ അസ്വസ്ഥനാകുന്ന ഒരു വ്യക്തിത്വത്തിനെ നമുക്ക് ഇപ്പോൾ ലാലിൽ കാണാനാവും.
ഫ്ളെക്സിബിൾ
ഒഴുകി നടക്കുന്ന വ്യക്തി എന്നു പലരും ലാലിനെ വിശേഷിപ്പിക്കാറുണ്ട്. സെറ്റുകളിൽനിന്നു സെറ്റുകളിലേക്ക്, ഒരു നാട്ടിൽ നിന്നു മറ്റൊരു നാട്ടിലേക്ക്, ഒരു കഥാപാത്രത്തിൽ നിന്നു മറ്റൊരു കഥാപാത്രത്തിലേക്ക്, ഒരു പ്രത്യേക താളത്തിലാണു ലാലിന്റെ ജീവിതം. അറുപതു വയസിലെത്തുന്പോഴും അതിനു മാറ്റമില്ല.
ചിലപ്പോൾ ആത്മീയതയിൽ ജീവിക്കും. ചിലപ്പോൾ തികഞ്ഞ ഭൗതികതയിൽ. ചിലപ്പോൾ സസ്യഭുക്കായും ആയുർവേദ ചര്യകളനുസരിച്ചുമുള്ള ജീവിതം. എന്തിലേക്കും മാറാനുള്ള “ഫ്ളെക്സിബിലിറ്റി’ അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലും അഭിനയജീവിതത്തിലും കാണാനാവുന്നതാണ്.
ലാലിന്റെ കരിയറിലേയ്ക്കും അഭിനയത്തിലേയ്ക്കുമൊക്കെ വന്നാൽ എത്രയോ തവണ നമ്മൾ അതു പറഞ്ഞുകഴിഞ്ഞു. പക്ഷേ, എത്രയെഴുതിയാലും പറഞ്ഞാലും തീരില്ല ലാൽ എന്ന അഭിനേതാവിനെക്കുറിച്ച്. മലയാളസിനിമയിൽ അത്തരമൊരു രേഖാചിത്രമാണ് അദ്ദേഹം കോറിയിട്ടിരിക്കുന്നത്.
കാമറയ്ക്ക് മുന്നിൽ നിമിഷങ്ങൾകൊണ്ട് മറ്റൊരു വ്യക്തിയാകാനുള്ള കഴിവ്, അതിന്റെ പൂർണരൂപമാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ അഭിനയം ഷൂട്ടിംഗ് സെറ്റുകളിൽ വീക്ഷിച്ചിട്ടുള്ള ആർക്കും അത്ഭുതം തോന്നാം ഈ രൂപ-ഭാവ മാറ്റത്തെക്കുറിച്ച്.
സെറ്റിൽ സൊറ പറഞ്ഞും പതിഞ്ഞ ശബ്ദത്തിൽ കോമഡികൾ പറഞ്ഞും ഈസി മട്ടിൽ ഇരിക്കുന്ന മോഹൻലാലിന്റെ “സ്റ്റാർട്ട് ആക്ഷൻ’ പറയുന്പോഴുള്ള ഭാവവിത്യാസം നമ്മെ വിസ്മയിപ്പിക്കും.
അനുപമ അഭിനയശൈലി
കാലത്തിനും പ്രായത്തിനും അതീതനാണു ലാൽ എന്നു പറയുന്പോൾ അദ്ദേഹത്തിന്റെ അഭിനയശൈലിയും അങ്ങനെ തന്നെ. പല അഭിനേതാക്കളുടേയും മുൻകാല സിനിമകൾ ഇപ്പോൾ കാണുന്പോൾ അമിതാഭിനയവും കൃത്രിമത്വവും നമുക്ക് തോന്നാറുണ്ട്.
പക്ഷേ മോഹൻലാലിന്റെ ആദ്യകാല സിനിമകളിലെ പ്രകടനം ഇന്നും സ്വഭാവികമായി തോന്നുന്നു. ഒരു “ഇൻബോണ് ആർട്ടിസ്റ്റിനു’ മാത്രം സാധിക്കുന്നതാണിത്.
എല്ലാക്കാലത്തും നിലനിൽക്കുന്ന ഇത്തരമൊരു അഭിനയശൈലി തന്നെയാണ് വ്യത്യസ്ത തലമുറകൾക്കിടയിൽ അദ്ദേഹത്തെ ഇപ്പോഴും പ്രിയങ്കരനാക്കുന്നത്. എത്രയൊക്കെ ന്യൂജെൻ അഭിനേതാക്കൾ വന്നാലും മോഹൻലാലിന്റെ താരപദവിക്ക് കോട്ടം തട്ടാത്തതും അതുകൊണ്ടുതന്നെ.
സർക്കാർ ഉദ്യോഗസ്ഥന്റെ മകനായി തിരുവനന്തപുരത്ത് ജനിച്ചുവളർന്ന ലാൽ അവിടത്തെ മോഡൽ സ്കൂളിൽ പഠിക്കുന്പോൾ തന്നെ അഭിനതോവ് എന്ന നിലയിൽ പേരെടുത്തു. തിരുവനന്തപുരം എംജി കോളജിൽ നിന്ന് ബികോം പൂർത്തിയാക്കിയതിനുശേഷമാണ് സിനിമയിലെത്തുന്നത്.
അതിനുംമുന്പ് പഠിക്കുന്ന സമയത്ത് കൂട്ടുകാരെല്ലാം കൂടി തിരനോട്ടം എന്നൊരു സിനിമ ചെയ്തിരുന്നു. ഇപ്പോഴത്തെ പ്രമുഖ സംവിധായകൻ പ്രിയദർശനും നിർമാതാവ് സുരേഷ്കുമാറുമൊക്കെ ചേർന്ന ആ സുഹൃദ്വലയം തന്നെയാണ് മോഹൻലാലിന്റെ സിനിമാ പ്രവേശത്തിന് പിന്തുണയും പ്രോൽസാഹനവും നൽകിയത്.
മഞ്ഞിൽ വിരിഞ്ഞ പൂവ്
ഫാസിലിന്റെ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിതത്തിലേയ്ക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ട് എന്ന പരസ്യം കണ്ടു ലാലിന്റെ ബേയോഡേറ്റ അയച്ചുകൊടുത്തത് സുരേഷ്കുമാറാണ്. അതൊരു നിമിത്തമാവുകയായിരുന്നു. മഞ്ഞിൽ വിരിഞ്ഞ പൂക്കളും അതിലെ നരേന്ദ്രനുമൊക്കെ മലയാളത്തിൽ തരംഗം സൃഷ്ടിച്ചു.
പിന്നീട് ലാലിന് തിരിഞ്ഞു നോക്കേണ്ടിവന്നില്ല. അന്നത്തെ ഒരു വ്യവസ്ഥാപിത നായകസങ്കൽപത്തിനു യോജിച്ച രൂപഭാവങ്ങൾ അധികമൊന്നുമില്ലാതിരുന്ന ലാൽ പക്ഷേ പതുക്കെപ്പതുക്കെ മുന്നിലേക്ക് എത്തുകയായിരുന്നു.
ആദ്യകാലത്തെ വില്ലൻ വേഷങ്ങളിൽ നിന്ന് എണ്പതുകളുടെ പകുതിയോടെ തന്നെ നായക വേഷങ്ങളിലക്കുള്ള കൂടുമാറ്റം. പിന്നീടു നമ്മൾ കണ്ട എത്രയെത്ര സിനിമകളും കഥാപാത്രങ്ങളും. ഒരു ശരാശരി മലയാളിയുടെ പ്രതീകമായിരുന്നു ഭൂരിഭാഗം സിനിമകളിലും ലാൽ.
മറക്കാനാവാത്ത സിനിമകൾ
പ്രത്യേകിച്ചും സത്യൻ അന്തിക്കാട്, സിബിമലയിൽ, പദ്മരാജൻ, പ്രിയദർശൻ തുടങ്ങിയ സംവിധായകരുടെ ലാൽ ചിത്രങ്ങൾ പഴയ തലമുറയ്ക്കു നൊസ്റ്റാൾജിയ പകർന്നും പുതുതലമുറയ്ക്കു വിസ്മയമായും നിലനിൽക്കുകയാണ്.
പൂച്ചയ്ക്കൊരു മുക്കുത്തി, ഇവിടെ തുടങ്ങുന്നു, നോക്കത്താദൂരത്ത് കണ്ണുംനട്ട്, പഞ്ചാഗ്നി, കരിയിലക്കാറ്റുപോലെ, സന്മസുള്ളവർക്കു സമാധാനം, കിരീടം, ദേശാടനക്കിളി കരയാറില്ല, രാജാവിന്റെ മകൻ, നമുക്കുപാർക്കാൻ മുന്തിരിത്തോപ്പുകൾ, സുഖമോ ദേവി, താളവട്ടം, അമൃതംഗമയ, നാടോടിക്കാറ്റ്, ഇരുപതാം നൂറ്റാണ്ട്, ആര്യൻ, ലാൽസലാം, ഭരതം, ഉള്ളടക്കം, കമലദളം, ദേവാസുരം, തേന്മാവിൻ കൊന്പത്ത്, മണിച്ചിത്രത്താഴ്, കാലാപാനി തുടങ്ങിയ എണ്പതുകളിലെയും തെണ്ണൂറുകളിലെയും ലാൽ ചിത്രങ്ങളിലെ ഓരോ സീനും സിനിമാപ്രേമികൾക്കു കാണാപ്പാഠമാണ്. ആ സിനിമകൾ പ്രേക്ഷകമനസിൽ ചെലുത്തിയ സ്വാധീനം കാലമേറെക്കഴിഞ്ഞിട്ടും നിലനിൽക്കുന്നു.
രണ്ടായിരത്തിനു ശേഷമെത്തിയ ചിത്രങ്ങളും ഒട്ടേറെ ചലനം സൃഷ്ടിച്ചു. രണ്ടായിരത്തിലെത്തിയ നരസിംഹം എന്ന ചിത്രം സൃഷ്ടിച്ച ഓളം സിനിമാപ്രേമികൾക്കു മറക്കാൻ കഴിയില്ല. തുടർന്നെത്തിയതു രാവണപ്രഭു, ബാലേട്ടൻ, ഉദയനാണ് താരം, നരൻ, പുലിമുരുകൻ തുടങ്ങിയ ചിത്രങ്ങൾ. മലയാളസിനിമയിൽ പൊതുവെയുണ്ടായ കഥാദാരിദ്ര്യവും പ്രതിസന്ധികളുമൊക്കെ ലാൽ സിനിമകളേയും ബാധിച്ച കാലമാണ് രണ്ടായിരത്തിനുശേഷമുണ്ടായത്. എങ്കിലും തന്റെ മാസ്മരിക സാന്നിധ്യം കൊണ്ട് പ്രേക്ഷകരെ കൈയിലെടുക്കാൻ അദ്ദേഹത്തിനായി.
കൈയ്യൊപ്പ് പതിഞ്ഞു
ഇതുവരെയുള്ള മോഹൻലാലിന്റെ ചിത്രങ്ങളെടുത്താൽ ഏതു വിഭാഗം സിനിമകളിലും അദ്ദേഹത്തിന്റെ അല്ലെങ്കിൽ അദ്ദഹത്തിനു മാത്രം സാധിക്കുന്ന കൈയ്യൊപ്പ് പതിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. കോമഡി പശ്ചാത്തലമുള്ള സിനിമകളാണ് ലാലിന്റെ കരിയറിൽ ഏറെ ഗുണം ചെയ്തതെന്നു പറയുന്പോഴും രാജാവിന്റെ മകനും ദേവാസുരവുമൊക്കെ ആക്ഷൻ സിനിമകളുടെ ക്ലാസിക്കുകളായി നിലനിൽക്കുന്നു.
ലാൽസലാം പോലെ ലക്ഷണമൊത്ത രാഷ്ട്രീയചിത്രം മലയാളത്തിലുണ്ടോ എന്നു സംശയമാണ്. ഇങ്ങനെ ഏതു വേഷവും ഏതു സിനിമയും തന്നിലേക്ക് ആവാഹിക്കുന്ന നടന്മാർ അപൂർവമാണ്.
കഠിനാധ്വാനം എന്നതു ലാലിന്റെ ജീവിതചര്യയോട് ചേർന്നുനിൽക്കുന്നു. തൊഴിലിനോടുള്ള അർപ്പണമനോഭാവവും അഭിനിവേശവും ഇന്നും ഒരു തുടക്കക്കാരന്റേതു തന്നെ. അതുകൊണ്ടുതന്നെ തന്റെ സിനിമയുടെ വിജയപരാജയങ്ങൾ ഒരുപരിധി വരെ അദ്ദേഹത്തെ ബാധിക്കാറില്ല.
വിജയത്തിലും നേട്ടങ്ങളിലും അമിതമായി ആഹ്ലാദിക്കുകയും പരാജയങ്ങളിൽ വിഷമിക്കുകയും ചെയ്യുന്ന സ്വഭാവ രീതിയും അദ്ദഹത്തിനില്ല. കരിയറിലും ജീവിതത്തിലുമുണ്ടാകുന്ന നേട്ടങ്ങളേയും കോട്ടങ്ങളേയുമൊക്കെ ഒരു ഫിലോസഫിക്കൽ ടച്ചോടെ നേക്കിക്കാണാനാണ് ലാലിനിഷ്ടം. അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ സവിശേഷതയാണത്.
കഴിഞ്ഞ നാൽപതു വർഷമായി ലാലിന്റെ ജീവിതത്തിലെ ഭൂരിഭാഗം ദിനങ്ങളും സിനിമാസെറ്റുകളിലായിരുന്നു. ഇതിനിടയിൽ കുടുംബത്തിനും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊക്കെ വേണ്ടി അധിക സമയമൊന്നും മാറ്റിവയ്ക്കാൻ അദ്ദേഹത്തിനായിട്ടില്ല.
എങ്കിലും എല്ലാവരുടേയും കാര്യത്തിൽ കൃത്യമായി ഇടപെടലുകൾ നടത്താൻ അദ്ദേഹത്തിനായി. അച്ഛന്റെയും ജേഷ്ഠന്റെയും മരണവും അമ്മയുടെ രോഗവുമൊക്കെ ലാലിന്റെ സ്വകാര്യജീവിതത്തിനെ നൊന്പരപ്പെടുത്തുന്പോഴും എല്ലാറ്റിനേയും സമചിത്തതയോടെ നേരിടാൻ അദ്ദേഹത്തിനു കഴിഞ്ഞു.
ബഹുമതികളുടെ പെരുമഴ
ബഹുമതികളുടെ പെരുമഴതന്നെ ലാലിനെത്തേടിയെത്തിയിട്ടുണ്ട്. 2019ൽ രാജ്യം പദ്മഭൂഷണ് നൽകി അദ്ദേഹത്തിനു ആദരിച്ചു. രണ്ടുതവണ മികച്ച നടനുള്ള ദേശീയ അവാർഡ്. രണ്ടു പ്രാവശ്യം സ്പെഷൻ ജൂറി അവാർഡ്, ആറുതവണ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം എന്നിങ്ങനെ എണ്ണമറ്റ പുരസ്കാരങ്ങൾ.
ഇന്നു ഷഷ്ഠിപൂർത്തിയിലെത്തുന്പോൾ മലയാളികളുടെ ഈ പ്രിയതാരത്തിന് ഇനിയുമേറെ സഞ്ചരിക്കാനുണ്ട്. ഒട്ടേറെ മെഗാപ്രോജക്ടുകളാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്.
യുവത്വത്തിന്റെ പ്രസരിപ്പോടെയുള്ള ലാലിന്റെ ഒഴുക്ക്, അതെല്ലാവർക്കും പ്രചോദനം നൽകുന്നതാണ്. തലമുറകളെ വിസ്മയിപ്പിക്കാൻ ഇനിയുമേറെ നാൾ ഈ ലാൽമാജിക് തുടരട്ടെയെന്ന് ആശംസിക്കാം.