കൊച്ചി: നടൻ മോഹൻലാൽ പ്രതിയായ ആനക്കൊന്പ് കേസ് പിൻവലിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. മോഹൻലാലിന്റെ അപേക്ഷയെ തുടർന്നാണ് നടപടി. പെരുന്പാവൂർ മജിസ്ട്രേറ്റ് കോടതിയിലെ കേസാണ് സർക്കാർ പിൻവലിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ കേസ് പിൻവലിക്കുന്ന കാര്യത്തിൽ അന്തിമതീരുമാനമെടുക്കും.
വന്യജീവി സംരക്ഷണ നിയമപ്രകാരം എടുത്ത കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മോഹൻലാൽ 2016 ജനുവരിയിലും 2019 സെപ്തംബറിലും സർക്കാരിന് അപേക്ഷ നൽകിയിരുന്നു.
തുടർന്ന് സർക്കാർ 2019 ഡിസംബർ നാലിന് ഡിജിപിയോട് നിയമോപദേശവും തേടി. കേസ് പിൻവലിക്കാമെന്ന് ഡിജിപി നിയമോപദേശം നൽകി.
ഇതിന്റെ അടിസ്ഥാനത്തിലാണ് പെരുന്പാവൂർ മജിസ്ട്രേറ്റ് കോടതിയിലെ കേസ് പിൻവലിക്കുന്നതിന് സർക്കാരിന് എതിർപ്പില്ലെന്ന് കാണിച്ചുകൊണ്ട് ജില്ലാ കളക്ടർക്ക് ഈ മാസം ഏഴിന് അഡീഷ്ണൽ ചീഫ് സെക്രട്ടറി കത്തയച്ചത്.
2012 ജൂണിൽ ആദായനികുതി വിഭാഗം മോഹൻലാലിന്റെ തേവരയിലുള്ള വീട്ടിൽ നടത്തിയ റെയ്ഡിലായിരുന്നു ആനക്കൊന്പുകൾ കണ്ടെത്തിയത്.
ആനക്കൊന്പ് കൈവശം വെച്ചത് കുറ്റകരവും ശിക്ഷാർഹവുമാണെന്ന് വനംവകുപ്പ് സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമായിരുന്നു.