പോൾസണ് വാഴപ്പിള്ളി
ആരൊക്കെ കത്തെഴുത്ത് നിർത്തിയാലും നമ്മുടെ ലാലേട്ടൻ കത്തെഴുതുന്നത് നിർത്തിയിട്ടില്ല. നിർത്തുകയുമില്ല.
ബ്ലോഗുകളും ഫെയ്സ്ബുക്ക് കുറിപ്പുകളും ഒക്കെ എഴുതുന്ന കൂട്ടത്തിൽ തന്നെ മലയാളത്തിന്റെ പ്രിയങ്കരനായ താരം മോഹൻലാൽ കത്തുകളും എഴുതാറുണ്ട്.
പ്രിയപ്പെട്ട പലർക്കും മോഹൻലാലിന്റെ കത്തുകൾ ഇപ്പോഴും മുടക്കമില്ലാതെ വന്നു ചേരുന്നുണ്ട്.
മോഹൻലാലിന്റെ കത്ത് ഇപ്പോഴും കിട്ടുന്ന അപൂർവം ചില ആളുകളിൽ ഒരാളാണ് തൃശൂർ കൈപ്പറന്പ് കളത്തികാട്ടിൽ റിട്ടേഡ് സുബേദാർ രാജൻ.
ഇദ്ദേഹത്തെ തേടിയെത്തുന്നത് നടൻ മോഹൻലാലിന്റെ കത്തുകളല്ല. ലഫ്റ്റനന്റ് കേണൽ മോഹൻലാലിന്റെ കത്തുകളാണ്. രണ്ടു പട്ടാളക്കാർ തമ്മിൽ കത്തിലൂടെയുള്ള കമ്മ്യൂണിക്കേഷൻ.
പരസ്പരം കാണാതെയുള്ള മനോഹരമായ ആശയവിനിമയം.. അതും വാട്സാപ്പിലൂടെയും ഇ-മെയിൽ വഴിയും ഈസി കമ്യൂണിക്കേഷൻ സാധ്യമാക്കുന്ന കാലത്ത്.
23 വർഷം ഇന്ത്യൻ സേനയുടെ ഭാഗമായ 28 വായു രക്ഷ റെജിമെന്റിലാണ് സുബേദാർ രാജൻ സേവനമനുഷ്ഠിച്ചത്.
2010ൽ പ്രിയപ്പെട്ട സൈനിക സുഹൃത്തുക്കളെ ഒരുമിച്ച് കൂട്ടാനായി രാജൻ തന്റെ വീട്ടിൽ പട്ടാള മേറ്റ്സ് സംഘടിപ്പിച്ചു.
അന്ന് പല സൈനികർക്കും പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിച്ചുകൊണ്ട് കത്തെഴുതിയ കൂട്ടത്തിൽ ലെഫ്റ്റ് കേണൽ മോഹൻലാലിനും രാജൻ കത്തെഴുതി. നിനച്ചിരിക്കാതെ മോഹൻലാലിന്റെ മറുപടി രാജനെ തേടിയെത്തി.
പരിപാടിക്ക് എല്ലാ പിന്തുണയും പൂർണ്ണ സഹകരണവും നൽകിക്കൊണ്ടുള്ള ലാൽസാബിന്റെ കത്ത്..
അതായിരുന്നു തുടക്കം.. ഈ സൈനിക കൂട്ടായ്മയുടെ വാർഷികത്തിന് സത്യമായി മോഹൻലാലിന്റെ ആശംസാ കത്ത് എത്തും. രാജൻ ആരംഭിച്ച ഒരു വെബ്സൈറ്റിന് മോഹൻലാൽ ആശംസ അറിയിച്ച് കത്തെഴുതി.
മോഹൻലാലിന്റെ കത്തുകൾ രാജനും കുടുംബവും നിധിപോലെ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഇതുവരെയും കാണാൻ ഭാഗ്യം കിട്ടിയിട്ടില്ലെങ്കിലും ലാൽ സാബിനെ കാണാൻ കാത്തിരിക്കുകയാണ് രാജനും ഭാര്യ ഓമനയും, മക്കളായ മിധുവും മിനുവും.