കൊച്ചി: താരസംഘടനയായ അമ്മയിലെ വിവാദം കത്തിനിൽക്കേ അമ്മ പ്രസിഡന്റ് മോഹൻലാലിന്റെ കൊച്ചി പുതുക്കലവട്ടത്തെ വീട്ടിലേക്കു യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. ഇന്നു രാവിലെ 11.30ഓടെയാണു യൂത്ത് കോണ്ഗ്രസ്, കെഎസ്യു പ്രവർത്തകരുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയത്.
പുതുക്കലവട്ടത്തെ രാജീവ് നഗർ റോഡിലാണു മോഹൻലാലിന്റെ വസതി. മാർച്ച് നടത്തിയ പ്രവർത്തകർ വീടിന്റെ ഗേറ്റിനു മുന്നിൽ റീത്ത് വച്ചു. മോഹൻ ലാലിനു പുറമേ മറ്റ് അമ്മ ഭാരവാഹികൾക്കെതിരേയും മാർച്ചിൽ പ്രതിഷേധം ഇരന്പി. നൂറുകണക്കിനു പ്രവർത്തകരാണു മാർച്ചിൽ പങ്കെടുത്തത്.
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ തിരിച്ചെടുത്തതാണു താരസംഘടനയിൽ പൊട്ടിത്തെറിക്കു കാരണമായത്. നടനെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് ആക്രമണത്തിന് ഇരയായ നടി ഉൾപ്പെടെ നാലുപേർ സംഘടനയിൽനിന്നു രാജിവയ്ക്കുകയും കൂടുതൽ നടിമാർ സംഘടനയ്ക്കെതിരേ രംഗത്തുവരികയും ചെയ്തു.
അമ്മയുടെ നടപടിയ്ക്കെതിരേ വിവിധ കോണുകളിൽനിന്നു രൂക്ഷമായ എതിർപ്പാണ് ഉയർന്നുവരുന്നത്. എഐവൈഎഫിന്റെ നേതൃത്വത്തിൽ ഇന്നലെ കൊച്ചിയിൽ അമ്മ പ്രസിഡന്റ്കൂടിയായ മോഹൻലാലിന്റെ കോലവും കത്തിച്ചിരുന്നു.