മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ പ്രഖ്യാപനത്തിനു മുമ്പേ, മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവൻ കുഞ്ഞാലിമരയ്ക്കാർ എന്ന സിനിമ സംവിധാനം ചെയ്യുമെന്ന് വാർത്തകൾ വന്നിരുന്നു.
ഇത് കുറച്ചൊക്കെ വിവാദങ്ങൾക്കും തിരിതെളിച്ചിരുന്നു. ഇപ്പോഴിതാ സത്യത്തിൽ എന്താണ് നടന്നെതെന്ന് നടൻ മോഹൻലാൽ തന്നെ വ്യക്തമാക്കുകയാണ്. ഞാനിതു വരെ ഇക്കാര്യത്തെ കുറിച്ച് മമ്മൂട്ടിയിക്കയുമായി സംസാരിച്ചിട്ടില്ല. എന്നാൽ പ്രിയൻ ഇതെകുറിച്ച് ചോദിച്ചപ്പോൾ സന്തോഷ് ശിവൻ ഇത്തരത്തിലൊരു സിനിമയെടുക്കുന്നുണ്ടെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. അതുകൊണ്ട് മാത്രമാണ് ഞങ്ങൾ ഈ പ്രൊജക്ടുമായി മുമ്പോട്ടുപോയത്.
ഈ സിനിമയുടെ ചിത്രീകരണം നവംബർ ഒന്നിന് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വളരെയധികം ശ്രദ്ധവേണ്ട ഒരു സിനിമയാണിത്. കേരളചരിത്രത്തിലെ ആദ്യകാല നാവിക സേനാകമാൻഡർമാരിലൊരാളാണ് കുഞ്ഞാലിമരയ്ക്കാർ. പോർച്ചുഗീസുകാരുടെ പേടിസ്വപ്നമായിരുന്നു അദ്ദേഹം. ഇത് സിനിമയിലേക്കു പകർത്തുകയെന്നത് നിസാരകാര്യമല്ലെന്നും മോഹൻലാൽ പറഞ്ഞു.
അറബിക്, ചൈനീസ് താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. നൂറുകോടി രൂപ മുതൽമുടക്കിൽ നിർമിക്കുന്ന ഈ സിനിമയിൽ പ്രണവ് മോഹൻലാലും അഭിനയിക്കും.