കൊച്ചി: സംഘടിത സൈബര്‍ ക്രിമിനല്‍ ആക്രമണങ്ങള്‍ പെരുകിവരുന്ന കാലഘട്ടത്തില്‍ സൈബര്‍ ഇടങ്ങളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പാക്കാന്‍ കഴിയണമെന്നു നടന് മോഹന്‍ലാല്‍ പറഞ്ഞു. കൊച്ചിയില്‍ രണ്ടു ദിവസങ്ങളിലായി നടന്ന കൊക്കൂണ്‍ 12 എഡിഷന്റെ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള പോലീസ് സംഘടിപ്പിച്ച് വരുന്ന കൊക്കൂണ്‍ കോണ്‍ഫറന്‍സ് സൈബര്‍ ലോകത്തെ അറിവുകള്‍ പൊതുജനങ്ങള്‍ക്കും സൈബര്‍ വിദ്യാര്‍ഥികള്‍ക്കും വിദഗ്ധര്‍ക്കും മനസിലാക്കാനും ചര്‍ച്ചചെയ്യപ്പെടാനും ഉതകുന്നുണ്ട്. കേരള സര്‍ക്കാരിനെ ഇത്രയും ജനോപകാരപ്രദമായി പരിപാടി സംഘടിപ്പിച്ചതിന് മോഹന്‍ലാല്‍ അഭിനന്ദനം അറിയിച്ചു.
പോലീസുകാരും പേപ്പറും ഇല്ലാത്ത പോലീസ് സ്റ്റേഷനാണ് സാങ്കേതികതയുടെ പുതിയ ലോകത്ത് കേരളത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. സൈബര്‍ സെക്യൂരിറ്റിക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ 100 കോടിയോളം രൂപ ചെലവഴിക്കുന്നുണ്ട്. അത് കൂടുതല്‍ വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ മോഹന്‍ലാലും ഡിജിപി ലോക്നാഥ് ബെഹ്റയും സമ്മാനിച്ചു. കൊക്കൂണ്‍ കോണ്‍ഫറന്‍സ് വൈസ് ചെയര്‍മാനും എഡിജിപിയുമായ മനോജ് ഏബ്രഹാം, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറേ, ഡിഐജി പി. പ്രകാശ്, സ്കോട്ട് വാറന്‍, ജോണ്‍ റൂസ്, റയാന് ഷെര്സ്റ്റോബിറ്റോ, മനുസഖറിയ തുടങ്ങിയവര്‍ സംസാരിച്ചു.