സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നിരോധിക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് പോസ്റ്റര്‍ ഇറക്കിയ ഉത്തരേന്ത്യന്‍ കമ്പനി ഒടുവില്‍ ആപ്പിലായി. സര്‍ക്കാര്‍ 2020 ജനുവരി ഒന്ന് മുതല്‍ നടപ്പാക്കുന്ന പ്ലാസ്റ്റിക് നിരോധനത്തെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ കമ്പനി പ്രചരിപ്പിച്ച പോസ്റ്ററില്‍ മുഖ്യമന്ത്രിയുടെ ഫോട്ടോക്ക് പകരം കയറിക്കൂടിയത് നടന് മോഹന്‍ലാലിന്റെ ചിത്രം. ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂറോസേഫ്റ്റി ഗ്രൂപ്പാണ് പടം മാറി പോസ്റ്റര്‍ പ്രചരിപ്പിച്ചത്. പിണറായി വിജയന്റെ ക്യാരക്ടര്‍ സ്കെച്ചെന്ന് കരുതി മോഹന്‍ലാലിന്റെ ചിത്രം അബദ്ധത്തില്‍ പോസ്റ്ററില്‍ ചേര്‍ക്കുകയായിരുന്നു.
ഫേസ്ബുക്കില്‍ പലരും തെറ്റ് ചൂണ്ടിക്കാണിച്ചതോടെ പോസ്റ്റര്‍ എഡിറ്റ് ചെയ്ത യൂറോസേഫ്റ്റി കമ്പനി പകരം പിണറായി വിജയന്റെ യഥാര്‍ത്ഥ ചിത്രം ചേര്‍ത്തിട്ടുണ്ട്. സംവിധായകന് ശ്രീകുമാര്‍ മേനോന് മുമ്പ് പുറത്തിറക്കാന്‍ പദ്ധതിയിട്ടിരുന്ന സിനിമയിലെ ഒരു ക്യാരക്ടര്‍ സ്കെച്ചാണ് മുഖ്യമന്ത്രിയുടേതെന്ന് തെറ്റിദ്ധരിച്ച് കമ്പനി പോസ്റ്ററില്‍ ചേര്‍ത്തത്. മോഹന്‍ലാലിനെ നായകനാക്കി കോമ്രേഡ് എന്ന സിനിമ നിര്‍മ്മിക്കാന്‍ മുമ്പ് ആലോചിച്ചിരുന്നതാണെന്നും എന്നാല്‍ ഈ പദ്ധതി ഉപേക്ഷിച്ചതാണെന്നും ശ്രീകുമാര്‍ മുമ്പ് പറഞ്ഞിരുന്നു. എന്തായാലും മോഹന്‍ലാലിന്റെ ആരാധകര്‍ ഈ സംഭവമങ്ങ് ആഘോഷമാക്കിയെന്നു പറഞ്ഞാല്‍ മതിയല്ലോ.