പത്തനംതിട്ട: വിജയിക്കുന്ന കാര്യത്തിൽ അമിത ആത്മ വിശ്വാസം ഉണ്ടായിരുന്നില്ലെന്നും എന്നാൽ വിശ്വാസം ഉണ്ടായിരുന്നുവെന്നും കോന്നിയിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന പി. മോഹൻരാജ്. പരാജയം ഉൾക്കൊള്ളുന്നു. എൻഎസ്എസ് നിലപാട് ദോഷം ചെയ്തതതായി തോന്നുന്നില്ല. നേതാക്കളടക്കമുള്ളവരെല്ലാം തെരഞ്ഞെടുപ്പിൽ ഒന്നിച്ചാണ് നീങ്ങിയത്. അഭിപ്രായ വ്യത്യാസമില്ലാതെയാണ് പാർട്ടിയും മുന്നണിയും തെരഞ്ഞെടുപ്പിനെ നേരിട്ടത്.
ജനങ്ങളുടെ വിധിയെഴുത്ത് മറിച്ചായിരുന്നു. തോൽവിയെ സംബന്ധിച്ച് പ്രതികരിക്കേണ്ടതും വീഴ്ചകൾ പരിശോധിക്കേണ്ടതും പാർട്ടി നേതൃത്വമാണെന്ന് മോഹൻരാജ് പറഞ്ഞു. തന്റെ ഭാഗത്ത് തെറ്റുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ തിരുത്തി മുന്നോട്ടു പോകും. എല്ലാ സ്ഥലത്തും പ്രതീക്ഷിച്ചത്ര വോട്ട് കിട്ടിയിട്ടില്ല. ഇത് പരിശോധിക്കും.
പാഠങ്ങൾ ഉൾക്കൊണ്ട് തെറ്റ് തിരുത്തും. നേതാക്കളുടേയും അണികളുടേയും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സംതൃപ്തിയുണ്ട്. അടുത്തുവരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ പാർട്ടിയെ വിജയത്തിലെത്തിക്കാനായി പ്രവർത്തിക്കുമെന്നും മോഹൻരാജ് പറഞ്ഞു.