പത്തനംതിട്ട: കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കുന്നുവെന്ന് പരസ്യമായി പ്രഖ്യാപിച്ച പത്തനംതിട്ട ഡിസിസി മുന്‍ അധ്യക്ഷന്‍ പി. മോഹന്‍രാജിന്റെ തിരിച്ചുവരവ് യുഡിഎഫ് പ്രവര്‍ത്തകരില്‍ ആവേശം ഉളവാക്കി.
ആറന്മുള മണ്ഡലം യുഡിഎഫ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യാനായി പത്തനംതിട്ടയിലെത്തിയ ഉമ്മന്‍ ചാണ്ടി നടത്തിയ അനുനയ നീക്കങ്ങളിലാണ് ഫലം കണ്ടത്.
നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ. ആന്റണി, കെപിസിസി മുന്‍ പ്രസിഡന്റുമാരായ വി.എം. സുധീരന്, എം.എം. ഹസന് എന്നിവര്‍ മോഹന്‍രാജുമായി സംസാരിച്ച് കളമൊരുക്കിയിക്കിയിരുന്നു.
ജില്ലയിലെ ഘടകകക്ഷി നേതാക്കളും സമ്മര്‍ദം ശക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഘടകകക്ഷികളുടെ അഭിപ്രായം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.എം. ഹമീദ് ഉമ്മന്‍ ചാണ്ടിയെ അറിയിക്കുകയുണ്ടായി.
അടച്ചിട്ട മുറിയിൽ ചർച്ച
പാലക്കാട്ട് കോണ്‍ഗ്രസിന് റിബല്‍ ഭീഷണി ഉയര്‍ത്തിയ എ.വി. ഗോപിനാഥിനെ അനുനയിപ്പിച്ചതിനു പിന്നാലെയാണ് പി. മോഹന്‍രാജിനെയും ഉമ്മന്‍ചാണ്ടി അനുനയിപ്പിച്ചത്. ആറന്മുള മണ്ഡലത്തില്‍ സീറ്റ് വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന ആരോപണം ഉന്നയിച്ചാണ് ഞായറാഴ്ച കോണ്‍ഗ്രസില്‍ നിന്നും മോഹന്‍രാജ് രാജി പ്രഖ്യാപിച്ചത്.
വ്യാഴാഴ്ച 11.45 ഓടെ ഡിസിസി ഓഫീസിലെത്തിയ ഉമ്മന്‍ ചാണ്ടി പി. മോഹന്‍രാജിനെ ഫോണ്‍ മുഖേന ബന്ധപ്പെട്ട് നേരിട്ടു കാണണമെന്നും ഡിസിസി ഓഫീസിലെത്തണമെന്നും ആവശ്യപ്പെട്ടു. 12 മണിയോടെ ഡിസിസിയിലെത്തിയ മോഹന്‍രാജ് ഉമ്മന്‍ ചാണ്ടിയുമായി 15 മിനിട്ടോളം അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തി.
ചര്‍ച്ചയ്ക്ക് ശേഷം ഇരുവരും മാധ്യമങ്ങളോട് സംസാരിച്ചു. ഉപാധികളൊന്നുമില്ലാതെയാണ് മോഹന്‍രാജിന്റെ മടങ്ങിവരവെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. പാര്‍ട്ടിയിലെ സമുന്നത നേതാവായ അദ്ദേഹത്തെ നിയമസഭ സീറ്റില്‍ പരിഗണിച്ചിരുന്നതാണെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
കൊടിയും പാര്‍ട്ടിയും വിട്ടുള്ള ഒരു നീക്കവും ഇല്ലെന്ന് തുടക്കത്തിലേ വ്യക്തമാക്കിയിരുന്നുവെന്ന് മോഹന്‍രാജ് പറഞ്ഞു. കെ. ശിവദാസന്‍ നായരുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് സജീവമായി ഇറങ്ങുമെന്നും മോഹന്‍രാജ് പ്രതികരിച്ചു.