ആത്മാർഥമായ ആഗ്രഹവും ഇച്ഛാശക്തിയുമുണ്ടെങ്കിൽ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന് പ്രായമോ സമയമോ സാഹചര്യങ്ങളോ ഒന്നുംതന്നെ വിലങ്ങുതടികളല്ല.
ഇക്കാര്യം ഒന്നുകൂടി ഉറപ്പിക്കുന്നതായിരുന്നു കഴിഞ്ഞ അന്താരാഷ്ട്ര വനിതാദിനത്തിൽ ഗുരുവായൂർ മേൽപത്തൂർ ഓഡിറ്റോറിയത്തിൽ നടന്ന ഒരു മോഹിനിയാട്ടം അരങ്ങേറ്റം.
പ്രായം നാല്പതുകളിൽ എത്തിനില്ക്കുന്ന, അധ്യാപികമാരും ബാങ്ക്, റെയിൽവേ, സംസ്ഥാന സർക്കാർ, സ്വകാര്യമേഖലകളിലെ ഉദ്യോഗസ്ഥരും വീട്ടമ്മമാരുമുൾപ്പെടെ 14 പേരാണ് ആ വേദിയിൽ മോഹിനിയാട്ടത്തിൽ അരങ്ങേറ്റം കുറിച്ചത്.
സിനിമയിലും മറ്റും കാണുന്നതുപോലെ ഏതാനും ദിവസത്തെ കാപ്സ്യൂൾ പരിശീലനം നല്കി തട്ടിക്കൂട്ടിയതല്ല, മറിച്ച് അഞ്ചുവർഷത്തോളം നീണ്ട ആത്മാർഥമായ പരിശീലനത്തിനൊടുവിലാണ് ഇവർ വേദിയിലെത്തിയത്.
തൃശൂർ മുക്കാട്ടുകര വിശ്വഭാരതി നൃത്തവിദ്യാലയത്തിലെ കലാമണ്ഡലം പ്രീത ഗോകുലായിരുന്നു പരിശീലക. മക്കൾക്ക് നൃത്തപരിശീലനം നല്കാനായി എത്തിയപ്പോഴാണ് ഇവരിൽ പലരും കാലങ്ങളായി മനസ്സിൽ സൂക്ഷിച്ചിരുന്ന ആഗ്രഹം പ്രീത ടീച്ചറിനോട് പറഞ്ഞത്.
ടീച്ചർ സർവവിധ പിന്തുണയുമായി ഒപ്പം നിന്നതോടെ 2017 ലെ വിജയദശമി ദിനത്തിലാണ് ഇവർ പഠനമാരംഭിച്ചത്. വിവരം കേട്ടറിഞ്ഞ് കൂടുതൽ പേർ എത്തി.
പഠനകാലത്ത് നൃത്തം പഠിച്ചിരുന്നവരും ആഗ്രഹമുണ്ടായിട്ടും മാറ്റിവയ്ക്കേണ്ടിവന്നവരുമെല്ലാം അതിലുണ്ടായിരുന്നു. അക്ഷരാർഥത്തിൽ നൃത്തത്തിന്റെ ബാലപാഠം മുതൽ തന്നെ പഠിച്ചുതുടങ്ങുകയായിരുന്നു എല്ലാവരും.
കൈകാൽവേദനയും കഴുത്തുവേദനയുമുൾപ്പെടെ പ്രായത്തിന്റെ ബുദ്ധിമുട്ടുകൾ പലർക്കുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മെയ് വഴക്കത്തിനായുള്ള പരിശീലന മുറകൾ അഭ്യസിക്കുന്പോൾ പലരും തുടക്കത്തിൽ ഏറെ വേദന സഹിക്കേണ്ടിവന്നു.
എന്നാലും അതിനെയെല്ലാം മറികടക്കുന്ന ആവേശമായിരുന്നു മനസ്സുനിറയെ. മാസങ്ങൾ നീണ്ട പരിശീലനത്തിനൊടുവിൽ കൈയും മെയ്യും മനസുമെല്ലാം മോഹിനിയാട്ടത്തിന്റെ ലാസ്യചാരുതയാർന്ന അടവുകൾക്കനുസൃതമായി വഴങ്ങിത്തുടങ്ങി.
തുടക്കത്തിൽ വൈകിട്ട് ആറര മുതൽ ഏഴര വരെയായിരുന്നു ക്ലാസ്. പരിശീലനത്തിൽ സ്വയമറിയാതെ ലയിച്ചുചേർന്നപ്പോൾ പലപ്പോഴും അത് രാത്രി വൈകും വരെ നീണ്ടു.
ആദ്യകാലങ്ങളിൽ വീട്ടിലെത്തിക്കഴിഞ്ഞാൽ തോന്നിയിരുന്ന ശാരീരിക ക്ഷീണം ക്രമേണ ഇല്ലാതാകുന്നതും ശരീരം കൂടുതൽ ഉൗർജസ്വലമാകുന്നതും എല്ലാവരും അനുഭവിച്ചറിഞ്ഞു.
ചൊൽക്കെട്ട്, ജതിസ്വരം എന്നിങ്ങനെ തുടങ്ങി അഞ്ച് ഇനങ്ങൾ പഠിച്ചുകഴിഞ്ഞ ശേഷമാണ് അരങ്ങേറ്റം സ്വപ്നം കാണാൻ തുടങ്ങിയത്.
ഇതിനായി ഗുരുവായൂർ മേൽപത്തൂർ ഓഡിറ്റോറിയത്തിൽ രണ്ടുവട്ടം തീയതി ബുക്കുചെയ്തെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ പ്രതിബന്ധമായി. ലോക്ഡൗണ് കാലത്ത് മാസങ്ങളോളം
പരിശീലനവും മുടങ്ങിയതോടെ വീണ്ടും നിരാശയായി. ഒടുവിൽ കഴിഞ്ഞവർഷം ഡിസംബറോടെയാണ് പരിശീലനം വീണ്ടും സാധാരണ നിലയിൽ പുനരാരംഭിക്കാൻ കഴിഞ്ഞത്.
പൊതുപരിപാടികൾക്ക് അനുമതി കിട്ടാത്ത അവസ്ഥയിൽ അരങ്ങേറ്റം അനിശ്ചിതമായി നീണ്ടുപോയെങ്കിലും പരിശീലനം പൂർവാധികം ഉൗർജസ്വലമായി തന്നെ തുടർന്നു.
ചൊൽക്കെട്ട്, ഗണപതിസ്തുതി, ജതിസ്വരം, പദം, വർണം, തില്ലാന എന്നിവടയക്കം എട്ടിനങ്ങൾ ഉൾപ്പെടുത്തി ഒരു മുഴുനീള മോഹിനിയാട്ടം തന്നെ അവതരിപ്പിക്കാൻ എല്ലാവരും പ്രാപ്തരായി.
പ്രായത്തിൽ മുതിർന്നവർ മുന്പും നൃത്ത ഇനങ്ങൾ പഠിച്ച് അരങ്ങേറ്റം നടത്തിയിട്ടുണ്ട്. പക്ഷേ അതെല്ലാം ഒന്നോ രണ്ടോ ഇനങ്ങൾ മാത്രം ഉൾപ്പെടുത്തിയായിരുന്നു.
നൃത്തവേദിയെ ഗൗരവമായും ആത്മാർഥമായും നോക്കിക്കാണുന്ന പുതുതലമുറയിലെ വിദ്യാർഥികളെപ്പോലെ തന്നെ ഇത്രയും പഠിച്ച് അവതരിപ്പിക്കാൻ കഴിഞ്ഞതിന്റെ ക്രെഡിറ്റ് ഇവർക്കു മാത്രമാകും.
കഴിഞ്ഞ ജനുവരി 22 നാണ് അരങ്ങേറ്റത്തിന് തീയതി നിശ്ചയിച്ചിരുന്നത്. പക്ഷേ തുടക്കം മുതൽ ഇവരെ വിടാതെ പരീക്ഷിച്ച കോവിഡ് പിന്നെയും വില്ലനായി.
മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ജനുവരി 18 മുതൽ പൊതുപരിപാടികൾ വീണ്ടും നിർത്തിവച്ചു. വീണ്ടും മുടങ്ങാതെ പരിശീലനം തുടരുന്നതിനിടയിലാണ് മാർച്ച് 8 ന് അന്താരാഷ്ട്ര വനിതാ ദിനത്തിൽ അരങ്ങേറ്റത്തിന് അവസരമൊരുങ്ങിയത്.
ബിജേഷ് കൃഷ്ണയുടെ വായ്പാട്ടിനും കലാമണ്ഡലം പ്രീതയുടെ നട്ടുവാങ്കത്തിനുമൊപ്പം ബിന്ദു, ജയശ്രീ, രതി, രേഖ, സുമ, മീനു, രശ്മി, സ്മിത, രാധിക, രാജേശ്വരി, കവിത, വിദ്യ, സിന്ധുമോൾ എന്നിവരാണ് ജീവിതത്തിലാദ്യമായി ചിലങ്ക കെട്ടി അരങ്ങേറ്റം കുറിച്ചത്.
’എന്താഹോ വല്ലഭാ…’ എന്നു തുടങ്ങുന്ന പദം, “കറുകറെ കാർമുകിൽ’ എന്നു തുടങ്ങുന്ന കാവാലം നാരായണ പണിക്കരുടെ കവിതയുടെ നൃത്താവിഷ്കാരം, ശാകുന്തളം ആസ്പദമാക്കിയുള്ള വർണം എന്നിവയ്ക്കൊപ്പം കലാമണ്ഡലം പ്രീത അവതരിപ്പിച്ച സുഗതകുമാരിയുടെ “കൃഷ്ണാ നീയെന്നെ അറിയില്ല’ എന്ന കവിതയുടെ നൃത്താവിഷ്കാരവും സദസ്സിനെ പിടിച്ചിരുത്തുന്നതായിരുന്നു.
വൈകിട്ട് ആറരയോടെ തുടങ്ങിയ നൃത്താവതരണം എട്ടരയ്ക്കാണ് അവസാനിച്ചത്.
ഡോ.സിന്ധുമോൾ പള്ളോട്ട്
അസി. പ്രഫസർ,
കാർഷിക കോളജ്,
വെള്ളാനിക്കര, തൃശൂർ
ഫോണ്. 9495390571.