ന്യൂഡൽഹി: ടിക് ടോക് താരമായ ജിംനേഷ്യം പരിശീലകനെ അജ്ഞാതസംഘം വെടിവെച്ചു കൊലപ്പെടുത്തി. ഡൽഹി സ്വദേശിയായ മോഹിത് മോർ(27)ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം വൈകിട്ട് ഡൽഹി ധർമപുരയിലായിരുന്നു സംഭവം.
ധർമപുരയിലെ ഫോട്ടോസ്റ്റാറ്റ് കടയിൽ സുഹൃത്തുമായി സംസാരിച്ചുനിൽക്കുന്നതിനിടെയാണ് മോഹിതിന് നേരേ ആക്രമണമുണ്ടായത്. കടയിലേക്ക് കയറിയ മൂന്നംഗസംഘം മോഹിതിന് നേരേ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ മോഹിത് കടയിലെ സോഫയിലേക്ക് വീണു.
ഗുരുതരമായി പരിക്കേറ്റ മോഹിതിനെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏഴു ബുള്ളറ്റുകളാണ് അക്രമികളുടെ തോക്കുകളിൽനിന്ന് നിറയൊഴിച്ചതെന്ന് പോലീസ് പറഞ്ഞു.
കറുത്ത മുഖംമൂടി ഉപയോഗിച്ച് മുഖം മറച്ചുവരാണ് അക്രമം നടത്തിയതെന്ന് പോലീസ് അറിയിച്ചു. ബൈക്കുകളിലെത്തിയ മൂന്നംഗസംഘം സംഭവത്തിനുശേഷം സമീപത്തെ ഇടുങ്ങിയ വഴിയിലൂടെ രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
ഡൽഹിയിലെ ജിംനേഷ്യം പരിശീലകനായ മോഹിത് മോർ ഫിറ്റ്നസ് വീഡിയോകളിലൂടെയാണ് ടിക് ടോക് ഉൾപ്പെടെയുള്ള സാമൂഹികമാധ്യമങ്ങളിൽ പ്രശസ്തനായത്. അഞ്ചുലക്ഷത്തിലധികം പേരാണ് മോഹിത് മോറിനെ ടിക് ടോകിൽ പിന്തുടരുന്നത്.
മൂവായിരത്തിലധികം ആളുകൾ മോഹിതിന്റെ ഇൻസ്റ്റാഗ്രം അക്കൗണ്ട് ഫോളോ ചെയ്യുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി മോഹിതിന്റെ സാമൂഹികമാധ്യമങ്ങളിലെ അക്കൗണ്ടുകളും പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.