ആലുവ: “പപ്പാ സോറി…എന്നോട് ക്ഷമിക്കണം. നിങ്ങള് പറഞ്ഞതാണ് ശരി, അവൻ ശരിയല്ല. പറ്റുന്നില്ല ഇവിടെ ജീവിക്കാൻ.
ഞാൻ ഈ ലോകത്ത് ആരേക്കാളും സ്നേഹിച്ച ഒരാൾ ഇങ്ങനെ പറയുന്നത് കേൾക്കാൻ ശക്തിയില്ല’. ഗാർഹിക പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ മോഫിയയുടെ ആത്മഹത്യ കുറിപ്പ് തുടങ്ങുന്നത് ഇങ്ങനെയാണ്.
ഞാൻ മരിച്ചാൽ അവൻ എന്തൊക്കെ പറഞ്ഞുണ്ടാക്കുമെന്ന് അറിയില്ല. അവൻ എന്നെ മാനസികരോഗിയാക്കിക്കഴിഞ്ഞു. ഇനി ഞാൻ എന്ത് ചെയ്താലും മാനസികപ്രശ്നം എന്ന് പറയും.
എനിക്ക് ഇനി ഇതുകേട്ട് നിൽക്കാൻ വയ്യ. ഞാൻ ഒരുപാടായി സഹിക്കുന്നു. പടച്ചോൻ പോലും നിന്നോട് പൊറുക്കൂല സുഹൈൽ.
എന്റെ പ്രാക്ക് എന്നും നിനക്ക് ഉണ്ടാവും. അവസാനമായി അവനിട്ട് ഒന്ന് കൊടുക്കാൻ എനിക്ക് പറ്റി.
അതെങ്കിലും ചെയ്തില്ലെങ്കിൽ ഞാനെന്റെ മനഃസാക്ഷിയോട് ചെയ്യുന്ന വലിയ തെറ്റായി പോകും. സിഐയ്ക്കെതിരേ നടപടി എടുക്കണം.
സുഹൈൽ, മദർ, ഫാദർ ക്രിമിനൽസ് ആണ്. അവർക്ക് മാക്സിമം ശിക്ഷ കൊടുക്കണമെന്നാണ് എന്റെ അവസാനത്തെ ആഗ്രഹമെന്നും ആത്മഹത്യ കുറിപ്പിലുണ്ട്.
മകൾ നൽകിയ ഗാർഹികപീഡന പരാതി പോലീസ് കാര്യമായെടുത്തില്ലെന്ന് മോഫിയയുടെ അച്ഛൻ ദിൽഷാദ് കെ. സലീം പറഞ്ഞു.
ഭർതൃവീട്ടിൽ മകൾ അനുഭവിക്കേണ്ടിവന്ന എല്ലാകാര്യങ്ങളും പരാതിയിലുണ്ടായിരുന്നു. സ്റ്റേഷനിലെത്തിയപ്പോൾ മകളെ സിഐ ചീത്ത വിളിച്ചെന്നും ദിൽഷാദ് ആരോപിച്ചു.
ഫേസ് ബുക്കിലൂടെ പരിചയം, ഒടുവിൽ ജീവൻ നഷ്ടം
ആലുവ: ഫേസ്ബുക്ക് സൗഹൃദമാണ് പ്രണയത്തിലും മോഫിയ പർവീണും മുഹമ്മദ് സുഹൈലുമായുള്ള നിക്കാഹിലും കലാശിച്ചത്.
സുഹൈലിനെ മോഫിയയുടെ വീട്ടുകാർക്കും ഇഷ്ടപ്പെട്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം വിവാഹം ഉടൻ നടത്താൻ കഴിയുമായിരുന്നില്ല.
എന്നാൽ, സുഹൈലിന്റെ വീട്ടുകാർ തങ്ങൾക്ക് കുട്ടിയെ മാത്രം മതിയെന്ന് പറഞ്ഞ് വിവാഹത്തിന് നിർബന്ധിച്ചു.
കഴിഞ്ഞ ഏപ്രിൽ മൂന്നിന് നിക്കാഹ് നടത്തിയശേഷം സത്കാരം ഡിസംബറിൽ നടത്താനായിരുന്നു തീരുമാനം.
നിക്കാഹ് കഴിഞ്ഞശേഷം മോഫിയയെ പലപ്പോഴും സുഹൈലിന്റെ വീട്ടിൽ നിർത്താനായി കൊണ്ടുപോകാറുണ്ടായിരുന്നു.
ഇതിനിടയിലാണ് സുഹൈലും വീട്ടുകാരും സ്ത്രീധനം ആവശ്യപ്പെട്ടത്. സുഹൈലിന് ബിസിനസ് ചെയ്യാനും മറ്റും പണം വേണമെന്നായിരുന്നു ആവശ്യം.
വിവാഹശേഷം സുഹൈൽ ഗൾഫിൽ പോകുമെന്നു പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. പലതരത്തിലുള്ള ജോലികളെക്കുറിച്ച് പറഞ്ഞിരുന്നെങ്കിലും അതിനൊന്നും പോകുന്നുണ്ടായിരുന്നില്ലെന്നു മോഫിയയുടെ ബന്ധുക്കൾ പറയുന്നു.
സിഐക്കെതിരേ മുൻപും ആക്ഷേപങ്ങൾ
ആലുവ: ഭർതൃപീഡനവുമായി ബന്ധപ്പെട്ട് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗുരുതര വീഴ്ചവരുത്തിയ ആലുവ സിഐ സി.എൽ. സുധീർ വകുപ്പുതല നടപടിക്ക് മുൻപും വിധേയമായ ഉദ്യോഗസ്ഥൻ.
കൊല്ലം അഞ്ചൽ സ്റ്റേഷൻ സിഐയായിരിക്കെ പ്രമാദമായ ഉത്ര വധക്കേസിൽ പരാതി ഗൗരവമായെടുക്കാതെ വൈകിപ്പിച്ചതിന് ഇദ്ദേഹത്തിനെതിരേ നടപടി സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ആലുവയിലേക്കു മാറ്റിയത്.
അന്നത്തെ കൊല്ലം ജില്ലാ പോലീസ് മേധാവി ഇദ്ദേഹത്തിന് ക്രമസമാധാന ചുമതല നൽകരുതെന്ന് റിപ്പോർട്ട് നൽകിയിരുന്നെങ്കിലും രാഷ്ട്രീയസമ്മർദത്തെ തുടർന്ന് വീണ്ടും സ്റ്റേഷൻ ചുമതല നൽകുകയായിരുന്നു.
അഞ്ചൽ സ്റ്റേഷനിലിരിക്കെ ദമ്പതികളുടെ മരണത്തിൽ ഇൻക്വസ്റ്റ് ഒപ്പിടാൻ മൃതദേഹങ്ങൾ സ്വന്തം താമസസ്ഥലത്തേക്ക് എത്തിച്ച സംഭവവും ഉണ്ടായിരുന്നു.
ആലുവയിൽ ചാർജെടുത്തശേഷം രണ്ട് മാസം മുമ്പ് ഗാർഹിക പീഡന പരാതിയുമായെത്തിയ മറ്റൊരു യുവതിയോടും സുധീർ മോശമായി പെരുമാറിയതായി പരാതി ഉയർന്നിരുന്നു.