സംസ്ഥാനം പ്രളയക്കെടുതിയില്‍ മുങ്ങിത്താഴുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ചികിത്സാര്‍ഥമുള്ള അമേരിക്കന്‍ യാത്ര നീട്ടി വച്ചു. സംസ്ഥാനത്തു പ്രളയക്കെടുതി രൂക്ഷമായ സാഹചര്യത്തിലാണു തീരുമാനം. ഇന്നലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം മുഖ്യമന്ത്രി തന്നെ സൂചിപ്പിച്ചു.
പ്രളയക്കെടുതിക്കു ശമനമുണ്ടായ ശേഷം മാത്രമേ അമേരിക്കന്‍ യാത്ര ഉണ്ടായിരിക്കുകയുള്ളു. ബക്രീദിനെ തുടര്‍ന്ന് അടുത്ത ആഴ്ചയിലെ പതിവു മന്ത്രിസഭാ യോഗം 21നാകും ചേരുക. ഈ മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് അദ്ദേഹം തന്നെ അറിയിച്ചിട്ടുണ്ട്. ഈ മാസം 19 മുതല്‍ സെപ്റ്റംബര്‍ ആറുവരെയാണു മേയോ ക്ലിനിക്കിലെ ചികിത്സയുടെ ഭാഗമായുള്ള മുഖ്യമന്ത്രിയുടെ യാത്ര നിശ്ചയിച്ചിരുന്നത്.
വെള്ളിയാഴ്ച പ്രത്യേക സൈനിക വിമാനത്തില്‍ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഡോക്ടര്‍മാര്‍, രക്ഷാപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സംഘവും ഉണ്ടാകും. മുഖ്യമന്ത്രിമായുള്ള ചര്‍ച്ചയ്ക്കുശേഷം അടിയന്തിര സഹായവും പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കന്മാരും അഭിപ്രായഭിന്നതകള്‍ മറന്ന് രക്ഷാപ്രവര്‍ത്തനത്തിനായി ഒന്നിച്ചിറങ്ങുന്ന നിമിഷങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.