മുക്കം: എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് നിർമാണം പൂർത്തിയായ മുക്കം ബി.പി മൊയ്തീൻ സേവാമന്ദിർ ഈ മാസം 20 ന് നാടിന് സമർപ്പിക്കും. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 20 ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലാണ് നിർവഹിക്കുക . ഒരു കോടിയോളം രൂപ ചെലവിലാണ് മുക്കം മേഖലാ ബാങ്കിന് സമീപത്ത് മൂന്നുനില കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായത്
. സിനിമാനടൻ ദിലീപിന്റെ പിതാവിന്റെ പേരിലുള്ള ജി.ബി. ചാരിറ്റബിൾ ട്രസ്റ്റ് ആണ് കെട്ടിടത്തിന്റെ ആദ്യ നില നിർമിച്ചുനൽകിയത്. മറ്റ് നിലകൾ സുമനസുകളുടെ സഹായത്തോടെയാണ് പൂർത്തീകരിച്ചത്. പുതിയ കെട്ടിടത്തിൽ ആധുനിക സൗകര്യത്തോടെയുള്ള ലൈബ്രറി, വയോജനങ്ങൾക്കുള്ള സായാഹ്ന സ്വർഗം, വനിതകൾക്കുള്ള തൊഴിൽ പരിശീലന കേന്ദ്രം, സ്ത്രീ രക്ഷാ കേന്ദ്രം, കൗൺസിലിംഗ് സെന്റർ, കരുതൽ കേന്ദ്രം, പ്രശ്നപരിഹാര കേന്ദ്രം, നിയമസഹായ കേന്ദ്രം എന്നിവയാണ് ഒരുക്കിയിട്ടുള്ളത്.
1982 ജൂലായ് 15ന് ഇരുവഞ്ഞിപ്പുഴയിലെ തെയ്യത്തും കടവിലുണ്ടായ തോണി അപകടത്തില്പ്പെട്ട സഹയാത്രികരെ രക്ഷിക്കുന്നതിനിടെ മുങ്ങിമരിച്ച ബി.പി. മൊയ്തീന്റെ ഓര്മ്മയ്ക്കായാണ് 1985 ൽ ലൈബ്രറി സ്ഥാപിക്കുന്നത്. 1983 ൽ നടന്ന ബി.പി. മൊയ്തീൻ അനുസ്മരണ യോഗത്തിലാണ് മൊയ്തീന് സ്മാരകം നിർമിക്കണമെന്ന ആവശ്യം ഉയർന്നുവന്നത്.
കൊച്ചുകുട്ടികളെ ഏറെ ഇഷ്ടമായിരുന്ന മൊയ്തീന് സ്മാരകമായി നഴ്സറി സ്കൂൾ നിർമിക്കാനായിരുന്നു തീരുമാനം. മൊയ്തീന്റെ മാതാവ് എ.എം.ഫാത്തിമയും എം.രാജനും കെ.ടി. മുഹമ്മദുമെല്ലാം ചേർന്നാണ് 1984 നഴ്സറി സ്കൂൾ ആരംഭിച്ചത്. തൊട്ടടുത്ത വർഷം മുക്കത്തിന്റെ പരിസര പ്രദേശങ്ങളിൽ കൂടുതൽ സ്വകാര്യ നഴ്സറി സ്കൂളുകൾ ആരംഭിച്ചതോടെ ബി.പി. മൊയ്തീൻ നഴ്സറി പ്രവർത്തനം നിർത്തി.
കുട്ടികൾക്കു മാത്രമായൊരു ഗ്രന്ഥാലയം എന്ന നിലയിൽ നഴ്സറി കെട്ടിടത്തിൽ ഗ്രന്ഥാലയം ആരംഭിക്കാനായിരുന്നു അടുത്ത തീരുമാനം. മികച്ചൊരു ഗ്രന്ഥാലയം സ്ഥാപിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ തേടി രാജനും മുഹമ്മദും എം.എൻ. കാരശേരിയെ സമീപിച്ചു. തുടർന്ന്, മൊയ്തീന്റെ മൂന്നാം ചരമവാർഷിക ദിനമായ 1985 ജൂലായ് 15ന് കുഞ്ഞുണ്ണി മാഷാണ് മൊയ്തീന്റെ സ്മരണയ്ക്കായ് നിർമിച്ച ലൈബ്രറി ഉദ്ഘാടനം ചെയ്തത്. തിരുവനന്തപുരം എസ്ആർസി (സ്റ്റേറ്റ് റിസോഴ്സ് സെന്റർ) യിലായിരുന്ന കാഞ്ചന മാലയും എ.എം. അബ്ദു റഹ്മാനും ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ വാങ്ങാൻ 1000 രൂപ വീതം നൽകി.
തിരുവനന്തപുരത്തു നിന്നും മടങ്ങുമ്പോൾ അവിടെയുണ്ടായിരുന്ന പുസ്തകങ്ങളെല്ലാം കാഞ്ചനമാല കൈയിൽ കരുതി. പണം നൽകി വാങ്ങിയതും പലരിൽ നിന്നായി സമാഹരിച്ചതുമുൾപ്പെടെ 619 പുസ്തകങ്ങളാണ് അന്ന് ലൈബ്രറിയിൽ ഉണ്ടായിരുന്നത്. മൊയ്തീന്റെ മാതാവിന്റെ നിർബന്ധത്തെ തുടർന്ന് 1985 നവംബറിലാണ് കാഞ്ചനമാല ആദ്യമായി മൊയ്തീൻ സ്മാരക ഗ്രന്ഥശാലയിലെത്തുന്നത്.
കുട്ടികൾക്കു മാത്രമായി ആരംഭിച്ച ഗ്രന്ഥശാല 1986 ൽ സ്ത്രീകൾക്കും കുട്ടികൾക്കുമായും 1989 പൊതുജന ഗ്രന്ഥശാലയുമാക്കി മാറ്റി. 1995 ൽ ലൈബ്രറി കൗൺസിലിൽ രജിസ്റ്റർ ചെയ്തു. അതിനിടെ, മൊയ്തീൻ തുടങ്ങിവച്ച പല ആശയങ്ങളും യാഥാർഥ്യമാക്കാൻ 1987 ൽ സേവാ മന്ദിർ ആരംഭിച്ചു. സുഭാഷ് ചന്ദ്ര ബോസിന്റെ മകളുടെ പേരിൽ മൊയ്തീൻ തുടങ്ങിയ അനിത ചിൽഡ്രൻസ് ക്ലബ്ബും 1980 ൽ തുടങ്ങിയ മോചന വിമൻസ് ക്ലബ്ബും ലൈബ്രറിയുമെല്ലാം ഒരു കുടക്കീഴിലാക്കുകയായിരുന്നു ലക്ഷ്യം.
സേവാമന്ദിർ എന്ന പേര് നിർദ്ദേശിച്ചതും നിയമാവലി തയാറാക്കിയതും പി.ടി. ഭാസ്കര പണിക്കരാണ്. മൂന്നര പതിറ്റാണ്ടിനിപ്പുറം മൊയ്തീന്റെ സ്മാരകവും അതിന്റെ പ്രവർത്തനവും ഏറെ വളർന്നു. യുവതലമുറയുടെ വായനാശീലവും സാമൂഹിക ബോധവും വളർത്തുന്നതിൽ ഈ ഗ്രന്ഥാലയവും അതിന്റെ പ്രവർത്തകരും വഹിച്ച പങ്ക് ഏറെ വലുതാണ്.
14118 പുസ്തകങ്ങളും 800 ഓളം അംഗങ്ങളുമുള്ള ഒരു എ ഗ്രേഡ് ഗ്രന്ഥാലയമാണ് ബി.പി. മൊയ്തീൻ ലൈബ്രറി. മൊയ്തീൻ മരണമടഞ്ഞതിനടുത്ത നാളുകളിൽ മുക്കത്തെ കാഴ്ചകൾ കാണാൻ മടിച്ച കാഞ്ചനമാല ഇന്ന് ലൈബ്രറിയുടെ ഉയർച്ചയ്ക്കായുള്ള നിലയ്ക്കാത്ത ഓട്ടത്തിലാണ്. മീനാക്ഷി ലൈബ്രേറിയനും എം.സുകുമാരൻ പ്രസിഡന്റും കാഞ്ചന മാല സെക്രട്ടറിയുമാണ്. 20ന് രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ ജോർജ് എം. തോമസ് എംഎൽഎ അധ്യക്ഷത വഹിക്കും.