തൃശൂർ: മന്ത്രി എ.സി. മൊയ്തീൻ 6.55-ന് വോട്ട് ചെയ്തെന്ന വിവാദത്തിൽ പിഴവില്ലെന്നു തൃശൂർ ജില്ലാ കളക്ടർ. നടപടി ചട്ടവിരുദ്ധമല്ലെന്നും പ്രിസൈഡിംഗ് ഓഫിസറുടെ വാച്ചിൽ ഏഴുമണിയായിരുന്നുവെന്നും കളക്ടർ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
പ്രിസൈഡിംഗ് ഓഫീസറുടെ വാച്ചിൽ ഏഴ് മണി ആയപ്പോഴാണു വോട്ടിംഗ് തുടങ്ങിയത്. ചട്ടവിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും ജില്ലാ കളക്ടർ റിപ്പോർട്ടിൽ വ്യക്തമാക്കി. റിപ്പോർട്ട് തിരഞ്ഞെടുപ്പ് കമ്മീഷണർക്കു നൽകി.
തൃശൂർ തെക്കുംകരയിലെ ബൂത്തിൽ രാവിലെ 6.55ന് മന്ത്രി എ.സി. മൊയ്തീൻ വോട്ട് രേഖപ്പെടുത്തിയെന്നാണു പരാതി. ഏഴു മുതലാണു തെരഞ്ഞെടുപ്പ് തുടങ്ങുന്നത്.
പിന്നാലെ എ.സി. മെയ്തീൻ ചട്ട വിരുദ്ധമായി വോട്ട് ചെയ്തുവെന്ന ആരോപണവുമായി അനിൽ അക്കര എംഎൽഎ രംഗത്തെത്തി. കോണ്ഗ്രസ് ബൂത്ത് ഏജന്റ് പ്രിസൈഡിംഗ് ഓഫീസർക്ക് പരാതി നൽകുകയും ചെയ്തു. എന്നാൽ സംഭവത്തിൽ മന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.