മലപ്പുറം: അച്ഛൻ തടവുകാരനായതിന്റെ പേരിൽ കോളജിൽ പ്രവേശിക്കുന്നതിനു മകൾക്കു പ്രിൻസിപ്പൽ വിലക്കേർപ്പെടുത്തി. എടപ്പാൾ തിയറ്റര്‍ പീഡനക്കേസിൽ പ്രതിയായ മൊയ്തീൻകുട്ടിയുടെ മകൾക്കാണ് പെരുന്പിലാവ് പിഎസ്എം ദന്തൽ കോളജിൽ വിലക്കേർപ്പെടുത്തിയത്.
ഇതേതുടർന്ന് പ്രതിയായ അച്ഛൻ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. പരാതി പരിഗണിച്ച കമ്മീഷൻ, രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ പിഎസ്എം ദന്തൽ കോളജ് പ്രിൻസിപ്പലിനോട് ആവശ്യപ്പെട്ടു. മേയ് 12 നാണ് പരാതിക്കാരനെ അറസ്റ്റ് ചെയ്തത്. മേയ് 15 മുതൽ മകളെ കോളജിൽ പ്രവേശിക്കുന്നത് വിലക്കിയെന്നു പരാതിയിൽ പറയുന്നു. പരീക്ഷയ്ക്ക് വന്നാൽ മതിയെന്നാണ് അധികൃതർ നൽകിയ നിർദേശം.
ജൂണ്‍ 25നു വിദ്യാർഥിനി കോളജിൽ ഫീസടയ്ക്കാൻ എത്തിയപ്പോൾ ഫീസ് വാങ്ങാൻ അധികൃതർ വിസമ്മതിച്ചു. അടുത്ത മാർച്ചിൽ പരീക്ഷയെഴുതിയാൽ മതിയെന്നായിരുന്നു നിർദേശം. കുട്ടിക്ക് 12 ദിവസത്തെ ഹാജർ കുറവുണ്ട്. അതു സാധൂകരിക്കുന്നതിനുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയെങ്കിലും ഫലമുണ്ടായില്ലെന്നു പരാതിയിൽ പറയുന്നു.
ഡിസംബറിൽ പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. പരീക്ഷ എഴുതാൻ അവസരം നൽകി മകളുടെ ഭാവി സുരക്ഷിതമാക്കണമെന്നാണ് അച്ഛന്റെ ആവശ്യം. ജയിൽ സൂപ്രണ്ട് വഴിയാണ് ഇയാൾ പരാതി അയച്ചത്.