എടപ്പാള്‍ സിനിമാ തിയറ്റര്‍ പീഡനക്കേസില്‍ അറസ്റ്റിലായ തൃത്താല കാങ്കുന്നത്ത് മൊയ്തീന്‍കുട്ടിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇയാള്‍ നാട്ടില്‍ അറിയപ്പെടുന്നത് ‘സ്വര്‍ണക്കുട്ടി’ എന്ന പേരിലാണെന്നാണ് അതിലൊന്ന്. ഗള്‍ഫിലും നാട്ടിലും വിവിധ സ്വര്‍ണക്കടകളില്‍ പങ്കാളിത്തമുണ്ടായിരുന്ന ഇയാള്‍ക്കു വിവിധ സ്ഥലങ്ങളിലായി കെട്ടിടങ്ങളും ഭൂമിയും ഉണ്ട്. മൊയ്തീന്‍കുട്ടിക്കു രാഷ്ട്രീയബന്ധം പലരും ആരോപിക്കുന്നുണ്ടെങ്കിലും പോലീസ് ഇത് സ്ഥിരീകരിക്കുന്നില്ല.
പ്രദേശത്തെ ധനികന്‍ എന്ന നിലയില്‍ പലരും ഇയാളുടെ സഹായം തേടിയിട്ടുണ്ട്. ഗള്‍ഫിലായിരുന്ന ഇയാള്‍ നാട്ടില്‍ വന്നാലും ആരുമായും അധികം അടുപ്പം നിലനിര്‍ത്തിയിരുന്നില്ലത്രെ. പെണ്‍കുട്ടിയെ മറ്റാരെങ്കിലും പീഡിപ്പിച്ചിരുന്നോ എന്നും അതിന് അമ്മ ഒത്താശ ചെയ്തിരുന്നോ എന്നും അന്വേഷിക്കും.
അതേസമയം, തീയേറ്ററില്‍ ബാലികയെ പീഡിപ്പിച്ച സംഭവത്തില്‍ പരാതിപ്പെടുകയും നടപടിയില്ലാത്തതിനെ തുടര്‍ന്ന് മാധ്യമങ്ങളെ സമീപിക്കുകയും ചെയ്ത തിയേറ്റര്‍ ഉടമയുടെ ധാര്‍മികതയെ അഭിനന്ദിച്ച് സംസ്ഥാന വനിത കമ്മിഷന്‍ എം.സി ജോസഫൈന്‍ രംഗത്തെത്തി. ചങ്ങരംകുളത്തെ തീയേറ്ററില്‍ നേരിട്ടെത്തിയാണ് ജോസഫൈന്‍ തിയേറ്റര്‍ ഉടമയെയും ജീവനക്കാരെയും അഭിനന്ദനം അറിയിച്ചത്. ഉടനടി വിഷയത്തില്‍ ഇടപെട്ടതും നിയമത്തിന്റെ വഴി സ്വീകരിച്ചതും അഭിനന്ദാര്‍ഹമാണെന്നും ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു.
എടപ്പാളിലെ തിയേറ്റര്‍ ഉടമയോട് ബഹുമാനം തോന്നുന്നുവെന്ന് ശാരദക്കുട്ടിയും അഭിനന്ദിച്ചിരുന്നു. കൃത്യസമയത്ത് ഇടപെട്ടതിനും പ്രതിയെ നിയമത്തിനു മുന്നില്‍ കൊണ്ടു വരാനും കാണിച്ച സാമുഹിക പ്രതിബദ്ധത ഇന്ന് പലര്‍ക്കും നഷ്ടപ്പെട്ടിരിക്കുകയാണെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
‘എടപ്പാളിലെ തീയേറ്ററുടമയോട് ബഹുമാനം തോന്നുന്നു. ഇരുട്ടില്‍ ആരുമറിയാതെ എത്രയോ തീയേറ്ററുകളില്‍ സംഭവിക്കുന്ന ക്രൂരതകളില്‍ ഒന്നു മാത്രമാകാം ഇത്. ആ തീയേറ്ററുടമ കാണിച്ച സാമൂഹിക നീതിബോധം പോലും കാണിക്കാതിരുന്ന പോലീസിനോട് പുച്ഛമാണ് തോന്നുന്നത്. അവര്‍ക്കെതിരെ നിയമ നടപടികള്‍ ഉണ്ടാകണം.’ ശാരദക്കുട്ടി പറഞ്ഞു.
തീയേറ്റര്‍ ജീവനക്കാര്‍ക്കും ഉടമയ്ക്കും അഭിനന്ദനങ്ങളുമായി സോഷ്യല്‍മീഡിയയും രംഗത്തുണ്ട്. ‘നിയമം പോലും കണ്ണടച്ച് നിന്നപ്പോള്‍ കുറ്റവാളികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ പരിശ്രമിച്ച തീയേറ്റര്‍ ഉടമയ്ക്കും ജീവനക്കാര്‍ക്കും സല്യൂട്ട്’ എന്നാണ് ഒരാള്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ആരും അറിയാതെ പോവേണ്ട സംഭവം സമൂഹത്തിന് മുന്നിലെത്തിച്ച് നീതി നടപ്പാക്കിയ തീയേറ്റര്‍ ജീവനക്കാര്‍ക്ക് അഭിനന്ദനം എന്ന് മറ്റൊരാള്‍ കുറിക്കുന്നു.