മയ്യിൽ(കണ്ണൂർ): മയ്യിലിൽ പ്രഭാത സവാരിക്കിടെ റിട്ട. അധ്യാപകൻ യു. ബാലകൃഷ്ണൻ (70) കാറിടിച്ച് മരിച്ച സംഭവത്തിൽ പ്രതിയായ കാർ ഡ്രൈവർ കാസർഗോഡ് വിദ്യാനഗർ മലങ്കലയിലെ ഷാക്കിർ മൻസിലിൽ മൊയ്തീൻ കുഞ്ഞ് (35) വലയിലായത് മറ്റൊരു കേസിൽ പിടിയിലായപ്പോൾ.
ചന്ദന മോഷണ കേസുമായി ബന്ധപ്പെട്ട് ഇയാളെ ഇന്നലെ രാവിലെ കാസർഗോഡ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ മയ്യിലിലെ അപകടത്തെ കുറിച്ച് മൊഴി നൽകിയത്.
കഴിഞ്ഞ 23 ന് പുലർച്ചെ 5.30 ഓടെ ചെക്യാട്ട്കാവ് പപ്പാസ് ഹോട്ടലിന് സമീപമായിരുന്നു അപകടം നടന്നത്.
ചന്ദന തടിയുമായി ബന്ധപ്പെട്ട് മട്ടന്നൂരിലെത്തിയ ഇയാൾ തിരികെ കാസർഗോഡേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടമെന്ന് പോലീസ് പറഞ്ഞു. ഇടിച്ച ശേഷം കാർ നിർത്താതെ പോവുകയായിരുന്നു.
അപകടത്തിന് ശേഷം കാർ ഡ്രൈവർ പുറത്തിറങ്ങി ബാലകൃഷ്ണന്റെ അടുത്തെത്തിയതായി പ്രഭാത സവാരി നടത്തുകയായിരുന്ന സ്ത്രീകൾ പോലീസിന് മൊഴി നൽകിയിരുന്നു.
മയ്യിൽ, തളിപ്പറമ്പ്, പരിയാരം, പിലാത്തറ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലേത് ഉൾപ്പെടെ 50 ഓളം സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം പരിശോധിച്ചിരുന്നെങ്കിലും ദൃശ്യങ്ങൾക്ക് വ്യക്തതയില്ലാതിരുന്നത് തിരിച്ചടിയായി.
രാവിലെ പ്രഭാത സവാരി നടത്തിയ സ്ത്രീകളുടെ സഹായത്തോടെ പോലീസ് കാർ ഡ്രൈവറുടെ രേഖാചിത്രം തയാറാക്കിയിരുന്നെങ്കിലും കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല.
അപകടത്തിനിടയാക്കിയ വെള്ള സാൻഡ്രോ കാർ കാഞ്ഞങ്ങാട് വരെ എത്തിയതായി അന്വേഷണ സംഘം പിന്നീട് കണ്ടെത്തിയിരുന്നു.
സംഭവ ദിവസം രാവിലെ ഏഴോടെ കാഞ്ഞങ്ങാടെ സിസിടിവി യിൽ നിന്നുള്ള കാറിന്റെ ദൃശ്യം മയ്യിൽ പോലീസിന് ലഭിച്ചിരുന്നു.
ഇടിച്ച ശേഷം കാർ മുല്ലക്കൊടി റോഡിലൂടെ തളിപ്പറമ്പിലെത്തി കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്നു.
പിന്നീട് കാർ എങ്ങോട്ട് പോയെന്നോ കാർ നമ്പർ ഉൾപ്പെടെയുള്ള മറ്റു വിവരങ്ങളൊന്നും പോലീസിന് ലഭിച്ചിരുന്നില്ല. മയ്യിൽ ഇൻസ്പെക്ടർ അബ്ദുൾ ബഷീർ അന്വേഷണം ഏറ്റെടുത്തെങ്കിലും പിന്നീട് അന്വേഷണം നിലച്ചമട്ടായുന്നു.
തുടർന്ന് കണ്ണൂർ സിറ്റി പോലീസ് അസി. കമ്മീഷണർ ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസന്വേഷണം ഏറ്റെടുക്കുകയായിരുന്നു. അറസ്റ്റിലായ മൊയ്തീൻ കുഞ്ഞിനെ ഇന്ന് ഉച്ചകഴിഞ്ഞ് കണ്ണൂർ കോടതിയിൽ ഹാജരാക്കും.