അഹമ്മദാബാദ്: പരന്പരാഗത തുകൽച്ചെരിപ്പായ “മോജ്ഡി’ ധരിച്ചതിന് ദളിത് ബാലന് രജപുത്ര വിഭാഗക്കാരുടെ മർദ്ദനം. ഗുജറാത്തിലെ ബഹുചരാജിയിലാണ് പതിമൂന്നുകാരനെ നാലു പേർ ചേർന്നു മർദിച്ചത്. വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
അക്രമികളിലൊരാൾ ഷൂട്ട് ചെയ്തു പ്രചരിപ്പിച്ച വീഡിയോയിൽ കുട്ടി കരയുന്നതും തല്ലരുതെന്ന് അപേക്ഷിക്കുന്നതും വ്യക്തമാണ്. ചെരുപ്പു ധരിച്ചാൽ രജപുത്രനാവില്ലെന്ന് കൂട്ടത്തിലൊരാൾ ആക്രോശിക്കുന്നതും കേൾക്കാം.
മറ്റുള്ളവർക്കൊരു പാഠമായിരിക്കാൻ ദൃശ്യങ്ങൾ കുട്ടിയുടെ നാടായ വിത്തൽപൂരിലേക്ക് അയച്ചു കൊടുക്കണമെന്നും അക്രമികളിലൊരാൾ പറയുന്നുണ്ട്. കുട്ടിയുടെ പരാതിയിന്മേൽ അക്രമികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ബഹുചരാജി പോലീസ് സബ് ഇൻസ്പെക്ടർ ആർ. ആർ. സോലങ്കി പറഞ്ഞു.