മല്ലപ്പള്ളി: വെണ്ണിക്കുളം പടുതോട് പാലത്തിനു സമീപം ഇന്നലെ രാവിലെ നടന്ന പ്രളയ പ്രതികരണ മോക്ക് ഡ്രിൽ യാഥാർഥ്യത്തിലേക്കു നീങ്ങാൻ അധികനേരം വേണ്ടിവന്നില്ല.
പാലത്തിനു സമീപത്തെ ആൾക്കൂട്ടവും സന്നാഹങ്ങളും കണ്ട് ആദ്യം നാട്ടുകാർ ഭയപ്പെട്ടിരുന്നു. എന്നാൽ മോക്ഡ്രില്ലാണെന്ന് അറിഞ്ഞ് ആശ്വസിച്ചിരിക്കുന്പോഴാണ് സംഭവം യാഥാർഥ്യത്തിലേക്കു നീങ്ങിയത്.
പടുതോട് പാലത്തിനു സമീപം വിവിധ വകുപ്പുകൾ സംയുക്തമായി സംഘടിപ്പിച്ച മോക്ഡ്രില്ലിന് റവന്യു ദുരന്തനിവാരണ വിഭാഗത്തിനായിരുന്നു ചുമതല.
മണിമലയാറ്റിൽ ഒഴുക്കിൽപ്പെട്ടയാളെ എങ്ങനെ രക്ഷിക്കാമെന്നതിനെ സംബന്ധിച്ചായിരുന്നു അവതരണം. ഇതിനായി നാലുപേരെ സ്ഥലത്തെത്തിച്ചത് കല്ലൂപ്പാറ ഗ്രാമപഞ്ചായത്താണ്.
വെള്ളത്തിലേക്കിറങ്ങിയ കല്ലൂപ്പാറ തുരുത്തിക്കാട് കാക്കരക്കുന്നേൽ ബിനു സോമനാണ് (34) പൊടുന്നനെ മുങ്ങിത്താഴ്ന്നത്. കരയ്ക്കുനിന്നവർ അതും മോക്ഡ്രില്ലിന്റെ ഭാഗമാണെന്നു കരുതി.
സന്നദ്ധ പ്രവര്ത്തകനായ ബിനുവിനെ വെള്ളത്തില്നിന്നുള്ള രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് മണിമലയാറ്റിലേക്ക് ഇറക്കിയത്.
സന്നദ്ധപ്രവർത്തകൻ കൂടിയായ ബിനു നാട്ടിലെ ഏതാവശ്യത്തിനും മുന്പിലുള്ളയാളാണ്. പ്രളയകാലത്തും കോവിഡ് കാലത്തുമൊക്കെ നാട്ടുകാർക്ക് ഏറെ സഹായം ചെയ്തു. അവിവാഹിതനായ ഇയാൾ ഒറ്റയ്ക്കാണ് താമസം.
ഇടപെടൽ വേഗത്തിലായി
സ്ഥലത്തുണ്ടായിരുന്ന ദേശീയ ദുരന്ത പ്രതികരണ സേനയും ഫയർഫോഴ്സ് സംഘവും ഊർജിതമായത് പെട്ടെന്നാണ്. മോക്ഡ്രില്ലിനുവേണ്ടി എല്ലാവരും സ്ഥലത്തുണ്ടായിരുന്നെങ്കിലും ഒരു അപകടം ആരും പ്രതീക്ഷിച്ചില്ല.
അതുകാരണം ആദ്യമൊന്നു പകച്ചെങ്കിലും വേഗത്തിൽ തന്നെ തെരച്ചിൽ നടത്തി. 20 മിനിട്ടിനുള്ളിൽ ബിനുവിനെ കണ്ടെത്തി. ജീവന്റെ ചെറിയഅംശം ശരീരത്തിൽ ഉണ്ടെന്നു മനസിലാക്കിയതോടെയാണ് തിരുവല്ലയിലേക്കു പോയത്.
അവിടെ പുഷ്പഗിരി മെഡിക്കൽ കോളജിൽ പ്രാഥമിക ചികിത്സ നൽകി പൾസ് വീണ്ടെടുത്തു. തുടർന്ന് വെന്റിലേറ്റർ സഹായത്തോടെ ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി എട്ടോടെ മരണം സ്ഥിരീകരിച്ചു.
അപകടത്തേ തുടർന്ന് നാട്ടുകാർ പ്രതിഷേധം അറിയിച്ചു. ബിനു സോമനെ കണ്ടെടുക്കാനായതോടെയാണ് പ്രതിഷേധം അല്പം ശമിച്ചത്.
ഡിങ്കിബോട്ടും ആംബുലൻസുംസാധാരണം
മോക്ഡ്രില്ലിനെത്തിച്ച ഡിങ്കിബോട്ടും ആംബുലൻസുമൊക്കെ സാധാരണമായിരുന്നു. ഒരു അത്യാഹിതം പ്രതീക്ഷിക്കാത്തിതിനാൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിരുന്നില്ല. ആംബുലൻസിൽ ഓക്സിജൻ സൗകര്യമോ പ്രാഥമിക ചികിത്സയ്ക്കുള്ള സംവിധാനമോ ഇല്ലായിരുന്നു.
ഡിങ്കി ബോട്ടിന്റെ അവസ്ഥയെ സംബന്ധിച്ചും പരാതികളുണ്ടായി.റവന്യു, പോലീസ്, ഫയർഫോഴ്സ്, പഞ്ചായത്ത് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മോക്ഡ്രിൽ.
പ്രദേശവാസികളായ നാലുപേരെ വെള്ളത്തിൽ നിന്നു രക്ഷപ്പെടുത്തുന്ന രംഗമാണ് ആവിഷ്കരിച്ചത്. നാലുപേരും ഒന്നിച്ചാണ് വെള്ളത്തിലേക്കിറങ്ങിയത്. സംഭവത്തെക്കുറിച്ച് റവന്യുവകുപ്പ് അന്വേഷണം നടത്തുന്നുണ്ട്.
ഉദ്യോഗസ്ഥരുടെ നിര
മോക്ഡ്രില്ലിനു സാക്ഷ്യം വഹിക്കാൻ ഉദ്യോഗസ്ഥരുടെ നീണ്ടനിരയുണ്ടായിരുന്നു. മല്ലപ്പള്ളി തഹസീൽദാർ പി.എ. സുനിൽ. ഡെപ്യൂട്ടി തഹസീൽദാർ ഷിബു ജോൺ, കല്ലൂപ്പാറ വില്ലേജ് ഓഫീസർ രശ്മി, മെഡിക്കൽ ഓഫീസർ ഡോ. മായ, കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസൻ തോംസൺ, പഞ്ചായത്ത് സെക്രട്ടറി നന്ദകുമാർ, റാന്നി ഫയർസ്റ്റേഷൻ ഓഫീസർ കുരുവിള മാത്യു, ഇൻസിഡന്റ് കമാൻഡന്റ് ശശിധരൻ, മല്ലപ്പള്ളി എസ്എച്ച്ഒ വിപിൻ ഗോപിനാഥ്, എസ്ഐ ആദർശ് തുടങ്ങിയവരാണ് സ്ഥലത്തുണ്ടായിരുന്നത്.