തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദം അടുത്ത മണിക്കൂറുകളിൽ മോക്ക ചുഴലിക്കാറ്റായി രൂപം പ്രാപിക്കും.
കേരളത്തെ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ലെങ്കിലും മഴ തുടരുമെന്നാണ് അറിയിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലുമായി നിലനിൽക്കുന്ന തീവ്ര ന്യൂമർദമാണ് മോക്ക ചുഴലിക്കാറ്റായി മാറുന്നത്. വടക്ക്- പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന മോക്ക, പിന്നീട് ബംഗ്ലാദേശ്, മ്യാൻമാർ തീരത്തേക്ക് നീങ്ങും.
മണിക്കൂറിൽ 130 കിലോമീറ്റർ വരെ വേഗതയുണ്ടാകും. കേരളത്തെ മോക്ക ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ല. എന്നാൽ കൂടുതൽ മഴ മേഘങ്ങൾ കേരളത്തിന്റെ അന്തരീക്ഷത്തിലെത്താൻ മോക്ക ചുഴലിക്കാറ്റ് കാരണമാകും.