പത്തനംതിട്ട: കോല്‍ക്കത്തയിലെ മെഡിക്കല്‍ കോളജില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട അഭയയ്ക്ക് വേണ്ടിയുള്ള പോരാട്ടം വ്യവസ്ഥിതിക്കെതിരായുളളതാണെന്നും നീതി കിട്ടുന്നതു വരെ വിശ്രമമില്ലെന്നും നടി മോക്ഷ. ഈസ്റ്റ് കോസ്റ്റ് വിജയന് സംവിധാനം ചെയ്ത കളളനും ഭഗവതിയും, ചിത്തിനി എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടനടിയായി മാറിയ ആളാണ് ബംഗാളില്‍ നിന്നുള്ള മോക്ഷ.
കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളജില്‍ ജൂണിയര്‍ ഡോക്ടറെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ യഥാര്‍ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള രാജ്യവ്യാപക പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുകയാണ് മോക്ഷ.
അഭയയ്ക്ക് നീതി ലഭിക്കുന്നതു വരെ പോരാട്ടം തുടരുമെന്ന് മോക്ഷ പത്തനംതിട്ട പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സിബിഐയുടെ കുറ്റപത്രത്തില്‍ ഞങ്ങള്‍ക്ക് തൃപ്തിയില്ല. യഥാര്‍ഥ കുറ്റവാളികളെയാണ് കണ്ടെത്തേണ്ടത്. തങ്ങളുടെ പോരാട്ടം വ്യവസ്ഥിതികള്ക്കെതിരേയാണെന്നും മോക്ഷ പറഞ്ഞു.
രാഷ്ട്രീയ കക്ഷികള്‍ ഞങ്ങളുടെ പോരാട്ടത്തെ അവരുടെ പ്രക്ഷോഭമായി പ്രചരിപ്പിക്കുന്നുണ്ട്. ഞങ്ങളുടേത് രാഷ്ട്രീയ പ്രക്ഷോഭമല്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ആഭിമുഖ്യമില്ല. നീതിക്കായി ഡല്‍ഹിയിലേക്ക് സമരം നയിക്കാനൊരുങ്ങുകയാണ്. അതിനുള്ള ഫണ്ട് സമാഹരിച്ചു കൊണ്ടിരിക്കുന്നു.
എന്റെ കുടുംബം അവിടെ പട്ടിണി സമരം നയിക്കുന്ന ഡോക്ടര്‍മാര്‍ക്കൊപ്പം പ്രക്ഷോഭത്തിലാണ്. ഇത് നീതി നിഷേധിക്കപ്പെട്ട ഡോക്ടര്‍മാരും സാധാരണക്കാരും വ്യവസ്ഥിതിക്കെതിരേ നടത്തുന്ന പോരാട്ടമാണ്. രാജ്യമെങ്ങും സന്ദര്‍ശിക്കുന്പോഴും പോരാട്ടത്തിന്റെ പ്രതീകമായി താന്‍ ബാഡ്ജ് ധരിച്ചിട്ടുണ്ട്.
ഏഴു ജൂണിയര്‍ ഡോക്ടര്‍മാര്‍ ഇപ്പോഴും പട്ടിണി സമരത്തിലാണ്. അഭയയ്ക്ക് വേണ്ടിയുള്ള പോരാട്ടം തുടങ്ങിയിട്ട് രണ്ടു മാസം കഴിയുന്നു. ഇപ്പോഴും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണെന്നും മോക്ഷ പറഞ്ഞു.