പറവൂർ: പുത്തൻവേലിക്കരയിൽ പരേതനായ പാലാട്ടി ഡേവിസിന്റെ ഭാര്യ മോളി (61) യെ തലയ്ക്കു കല്ലിനിടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പിടിയിലായ ആസാം സ്വദേശി പരിമൾ സാഹു (മുന്ന-24) വർഷങ്ങളായി മാളയിലും പുത്തൻവേലിക്കരയിലുമായി താമസിച്ചുവരികയായിരുന്നു. വിവിധ ജോലികൾ ചെയ്തുവരുന്ന ഇയാൾ നിലവിൽ പുത്തൻവേലിക്കരയിലുള്ള സ്വകാര്യ കോഴിക്കടയിൽ ഡ്രൈവറാണ്.
നന്നായി മലയാളം സംസാരിക്കുന്ന മുന്നയ്ക്ക് നാട്ടുകാരുമായി നല്ല സൗഹൃദമായിരുന്നു ഉണ്ടായിരുന്നതെന്നു പോലീസ് പറഞ്ഞു. മോളിയുടെ വീട്ടുവളപ്പിലെ ഷെഡിൽ താമസമാക്കിയശേഷം മോളിയുടെ വിശ്വാസം നേടി. കൊലപാതകം നടത്തിയശേഷം പ്രതി സ്ഥലം വിടാതെ താമസസ്ഥലത്തു തന്നെ തങ്ങുകയായിരുന്നു.
നാട്ടുകാരും പോലീസുമെത്തിയപ്പോൾ മോളിയുടെ മകൻ ഡെന്നി ഇടക്കിടയ്ക്കു മുന്നയുടെ പേരു പറയുന്നുണ്ടായിരുന്നു. പോലീസ് എത്തി രണ്ടു മണിക്കൂറിനുള്ളിൽ തന്നെ പ്രതിയെ പിടികൂടി.
രാത്രി ഒന്നരയോടെ വീട്ടിൽനിന്നു ശബ്ദം കേട്ടിരുന്നുവെങ്കിലും രാത്രിയായതിനാൽ ഇറങ്ങി നോക്കിയില്ലെന്നു സമീപവാസികൾ പോലീസിനോടു പറഞ്ഞു. കൊലപാതകവിവരമറിഞ്ഞു നൂറുകണക്കിനാളുകളാണു പാലാട്ടി വീട്ടിലെത്തിയത്. വടം കെട്ടിയാണു പോലീസ് ജനത്തെ നിയന്ത്രിച്ചത്.
ആലുവ റൂറൽ എസ്പി എ.വി. ജോർജിനെ കൂടാതെ എഎസ്പി സുജിത്ത് ദാസ്, ഡിവൈഎസ്പി പ്രഫുല്ലചന്ദ്രൻ, വടക്കേക്കര സിഐ എം.കെ. മുരളി തുടങ്ങിയവരും സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.