തലശേരി: ഭാര്യയെ ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കെതിരായ പ്രധാന തെളിവായ മണ്ണെണ്ണ ഫോറന്‍സിക് ലാബിലേക്ക് പരിശോധനക്കയക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു.ഉളിക്കല്‍ പോലീസ് സ്റ്റേഷനതിര്‍ത്തിയിലെ കവാലിയില്‍ മോളി (42) കൊല്ലപ്പെട്ട കേസിലാണ് ഒമ്പത് വര്‍ഷത്തിനു ശേഷം പ്രതി കൊലയ്ക്കുപയോഗിച്ച മണ്ണെണ്ണയുടെ ബാക്കി പരിശോധനക്കായി ഫോറന്‍സിക് ലാബിലേക്ക് അയക്കാന്‍ ഉത്തരവിടണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ബി.പി ശശീന്ദ്രന് ആവശ്യപ്പെട്ടത്.
വിചാരണ കോടതിയായ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ആര്.എല്‍ ബൈജു കേസ് ഓഗസ്റ്റ് രണ്ടിന് കോടതി വീണ്ടും പരിഗണിക്കും.കത്തിക്കരിഞ്ഞ ശരീരത്തിന്റെ അവശിഷ്ടങ്ങളും സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച് മാലയുമുള്പ്പെടെയുള്ള വസ്തുക്കള്‍ അന്വേഷണ ഉദ്യോഗസ്ഥന് ഫോറന്‍സിക് ലാബിലേക്ക് പരിശോധനക്കായി അയച്ചെങ്കിലും പ്രതി കൊലയ്ക്കുപയോഗിച്ച മണ്ണെണ്ണയുടെ ബാക്കി പരിശോധനക്ക് അയച്ച് റിപ്പോര്‍ട്ട് വാങ്ങാത്തത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പ്രോസിക്യൂഷൻ ഇപ്പോള്‍ പരിശോധന ആവശ്യപ്പെട്ടിട്ടുളളത്.
രണ്ട് ലിറ്റര്‍ കുപ്പിയില്‍ പകുതിയില്‍ താഴെ മണ്ണെണ്ണയാണ് സംഭവ സ്ഥാലത്ത് നിന്നും പോലീസ് കണ്ടെടുത്തിരുന്നത്. മോളിയുടെ ഭര്‍ത്താവ് കവാലിയില്‍ ജെയിംസാ(58)ണ് കേസിലെ പ്രതി. 2010 ജൂലൈ 26 നാണ് കേസിനാസ്പദമായ സംഭവം. ഇരുവരും തമ്മിലുള്ള വഴക്കിനെ തുടര്‍ന്ന് മകളെ മുറിയില്‍ പൂട്ടിയിട്ട ശേഷം വീട്ടിലെ മറ്റൊരു മുറിയില്‍ വെച്ച് ജെയിംസ് ജനലിലൂടെ മണ്ണെണ്ണയൊഴിച്ച് മോളിയെ തീ കൊളുത്തി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന് കേസ്.
27 ന് പരിയാരം മെഡിക്കല്‍ കോളജില്‍ വെച്ചാണ് മോളി മരണമടഞ്ഞത്. ജെയിംസ് ഇപ്പോള്‍ റിമാൻഡിലാണുള്ളത്.സിഐ ജോഷി ജോസഫാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ മക്കളുള്‍പ്പെടെ 18 സാക്ഷികളെ വിസ്തരിച്ചു. സര്‍ക്കാര്‍ നിയമിച്ച അഡ്വ. സജീവനാണ് പ്രതിക്കു വേണ്ടി ഹാജരാകുന്നത്.