കൊച്ചി: ഹൃദ്രോഗത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നടി മോളി കണ്ണമാലിയുടെ നില ഗുരുതരമായി തുടരുന്നു. ഞായറാഴ്ച രാത്രി വീട്ടിൽ തലകറങ്ങി വീണതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഹൃദ്രോഗബാധയ്ക്കൊപ്പം ന്യുമോണിയയും ഉണ്ട്. വെൻറിലേറ്ററിൻറെ സഹായത്തോടെ കൊച്ചി പനയപ്പള്ളി ഗൗതം ആശുപത്രിയിലാണ് ചികിത്സ തുടരുന്നത്.
ഇന്നലെ വരെ മകന്റെ ശബ്ദം തിരിച്ചറിഞ്ഞിരുന്ന മോളി ഇന്ന് ശബ്ദത്തോട് പ്രതികരിക്കുന്നില്ലെന്ന് മകൻ ജോളി പറഞ്ഞു.കടുത്ത ശ്വാസംമുട്ടലിനെ തുടർന്ന് ഞായറാഴ്ച രാവിലെ മോളി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
തുടർന്ന് തിരികെ വീട്ടിലെത്തി. പിന്നാലെ രാത്രിയോടെ ഇവർ തലകറങ്ങി വീണ് ബോധരഹിതയായതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ ഐ സി യുവിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മോളി കണ്ണമാലി കുറച്ച് കാലങ്ങളായി ചികിത്സയിലാണ്. രണ്ടാമതും ഹൃദയാഘാതം വന്നപ്പോൾ പോരാടി ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നു.
ചവിട്ടുനാടക കലാകാരിയായ മോളി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സ്ത്രീധനം എന്ന പരന്പരയിലൂടെയാണ് കലാരംഗത്തേക്ക് കടന്നു വന്നത്.
ഈ പരന്പരയിലെ ചാള മേരി എന്ന കഥാപാത്രം വളരെയധികം പ്രേക്ഷക ശ്രദ്ധ നേടി. തുടർന്ന് മലയാളത്തിൽ നിരവധി വേഷങ്ങൾ അവരെത്തേടിയെത്തി.
ഓസ്ട്രേലിയൻ ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന മലയാളിയായ ജോയ് കെ.മാത്യു രചനയും നിർമാണവും സംവിധാനവും നിർവഹിക്കുന്ന ടുമാറോ എന്ന ഹോളിവുഡ് ചിത്രത്തിലും മോളി കണ്ണമാലി അടുത്തിടെ അഭിനയിക്കുകയുണ്ടായി. ഇതിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
അതിനിടെയാണ് മോളി അസുഖബാധിതയായത്. മോളിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.