ഹൃദയസംബന്ധമായ അസുഖം മൂലം ഗുരുതരാവസ്ഥയില്‍ കഴിയുകയാണ് നടി മോളി കണ്ണമാലി.ഹൃദയത്തില്‍ ബ്ലോക്ക് ഉള്ളതിനാല്‍ അടിയന്തിരമായി ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. എന്നാല്‍ പണമില്ലാത്തതിനാല്‍ മരുന്നു വാങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണെന്നു മോളി പറയുന്നു. സിനിമയില്‍ നിന്നും സീരിയലില്‍ നിന്നും കിട്ടുന്ന വരുമാനം മാത്രമാണ് ആശ്രയം. അസുഖം രൂക്ഷമായതോടെ കഴിഞ്ഞ കുറേ നാളുകളായി അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്.
അടിയന്തിരമായ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. തുച്ഛമായ വരുമാനമുള്ള മക്കള്‍ക്ക് തന്റെ ചികിത്സാ ചെലവ് താങ്ങാനാവാത്ത അവസ്ഥയിലാണ്. അയല്‍വാസി കടം നല്‍കുന്ന പണം കൊണ്ടാണ് മരുന്നു വാങ്ങുന്നതെന്നും മോളി വ്യക്തമാക്കുന്നു. സിനിമ-സീരിയല്‍ രംഗത്ത് തന്റേതായ ശൈലിയിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് ആരാധകര്‍ ചാള മേരി എന്നു വിളിക്കുന്ന മോളി കണ്ണമാലി. തന്റെ ദുരവസ്ഥ അറിഞ്ഞ് സന്മനസ്സുള്ളവര്‍ സഹായിക്കുമെന്ന പ്രതീക്ഷയാണ് മോളിയ്ക്കുള്ളത്.