ആലപ്പുഴ: കടുത്ത വരൾച്ചയിൽ ദാഹിച്ചു വലയുന്നവർക്കു സൗജന്യമായി ശുദ്ധജലമൊരുക്കി മാതൃകയാകുകയാണ് ഒരു വ്യാപാരി. ദേശീയപാതയിൽ ആലപ്പുഴ തുന്പോളിയിൽ മോളു ഏജൻസീസ് എന്ന സ്ഥാപനം നടത്തുന്ന വ്യാപാരി ഷാജിയാണ് തന്റെ സ്ഥാപനത്തിനുമുന്പിൽ പ്രത്യേകം പന്തലൊരുക്കി കുടിവെള്ളം വിതരണം ചെയ്യുന്നത്. വില കൊടുത്തു വാങ്ങുന്ന ശുദ്ധജലം രണ്ടു ജാറുകളിലാക്കി തന്റെ കടയുടെ മുന്പിൽ ഇദ്ദേഹം എല്ലാദിവസവും വെക്കും.
കാൽനടയാത്രക്കാരും വാഹനങ്ങളിൽ എത്തുന്നവരും മറ്റും ദാഹം തീർക്കാൻ ഷാജിയുടെ കടയുടെ മുന്പിൽ ചെല്ലും. വർഷങ്ങളായി ദേശീയപാതയോരത്തു പെയിന്റ്, സാനിട്ടറി തുടങ്ങിയ സാധനങ്ങൾ വില്പന നടത്തുന്ന ഷാജിയുടെ മനസ്സിൽ ഒന്നരമാസം മുന്പാണ് ഈ ആശയം ഉടലെടുത്തത്.
എല്ലാ വർഷത്തേക്കാളും കൊടുംവരൾച്ചയാണ് ഇത്തവണ ഉണ്ടായിരിക്കുന്നതെന്നും തന്നാൽ കഴിയാവുന്ന ഒരു നല്ല പ്രവൃത്തി ഇക്കാര്യത്തിൽ ചെയ്യാൻ സാധിച്ചതിൽ ഏറെ സംതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.