കോട്ടയം: പാന്പാടിയിൽ നിന്ന് കാണാതായ വീട്ടമ്മയെ തൊടുപുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഒഴിയുന്നില്ല. വെള്ളൂർ തടത്തിമാക്കൽ തോമസിന്റെ ഭാര്യ മോളി (ഏലിയാമ്മ-56)യേയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിനും മകന്റെ കുഞ്ഞിനുമൊപ്പം താമസിച്ചിരുന്ന ഏലിയാമ്മയെ ശനിയാഴ്ച രാവിലെ 7.15 മുതലാണു കാണാതായത്.
ഞായറാഴ്ച രാവിലെ തൊടുപുഴ വെങ്ങല്ലൂർ പാലത്തിനു സമീപം പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. നൈറ്റി ധരിച്ച് വീട്ടിൽ നിന്ന മോളി പെട്ടെന്ന് സാരി ധരിച്ച് പുറത്തേക്ക് പോവുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. എന്നാൽ ഇവർ തൊടുപുഴയ്ക്ക് പോയത് എങ്ങനെയെന്ന് ഇപ്പോഴും അവ്യക്തം.
വീടിനു സമീപത്തെ ഓട്ടോ,ടാക്സി ഡ്രൈവർമാരെ മോളിയുടെ ചിത്രം കാണിച്ചെങ്കിലും ആരുടെയെങ്കിലും വാഹനത്തിൽ ഇവർ സഞ്ചരിച്ചതായി വിവരമില്ല. ഏതു വാഹനത്തിലാണ് സഞ്ചരിച്ചതെന്നു പോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
മകനോടൊപ്പം ഈ മാസം വിദേശത്തേക്ക് പോകാനിരിക്കെയാണ് മരണം. എന്നാൽ വിദേശത്തു പോകുന്നതിന് മോളിക്ക് താൽപര്യമില്ലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മക്കൾ: ജോജോ, ജോമി, മരുമകൾ: റോസന്ന. സംസ്കാരം നാളെ രാവിലെ 10ന് വടവാതൂർ മാർ അപ്രേം പള്ളിയിൽ.