പയ്യന്നൂര്‍: പയ്യന്നൂരിനെ നടുക്കി വീണ്ടും ബോംബ് സ്ഫോടനങ്ങൾ. രാമന്തളി ചിറ്റടിയിലും കരിവെള്ളൂര്‍ പെരളം ചീറ്റയിലെ ആര്‍എസ്എസ് പ്രവര്ത്തകന് എം.വി.സത്യന്റെ വീടിന് മുന്നിലുമാണ് ബോംബ് സ്ഫോടനങ്ങൾ നടന്നത്.ഇന്നലെ രാത്രി ഒമ്പതോടെയാണ് ചിറ്റടിയില്‍ ശക്തമായ ബോംബ് സ്ഫോടനമുണ്ടായത്.
കുറ്റിക്കാടുകളും ചെങ്കല്പണകളും നിറഞ്ഞ ആള്‍താമസമില്ലാത്ത ഈ പ്രദേശത്ത് നിരവധി സ്ഫോടനങ്ങള്‍ മുമ്പും നടന്നിരുന്നു. ഇതിന്റെ സമീപ പ്രദേശങ്ങളില്‍നിന്നും ബോംബും ബോംബ് നിര്‍മാണ സാമഗ്രികകളും നേരത്തെ കണ്ടെത്തിയിരുന്നതാണ്.
ഇന്ന് പുലര്‍ച്ചെ 12.30 ഓടെയാണ് കരിവെള്ളൂര്‍ പെരളം ചീറ്റയില്‍ ബോംബ് സ്ഫോടനമുണ്ടായത്. ആര്‍എസ്എസ് മുന്‍ മണ്ഡലം കാര്യവാഹക് കൂടിയായിരുന്ന സത്യന്റെ വീടിന്റെ ഗേറ്റിനു മുന്നിലെ റോഡിലായിരുന്നു ബോംബ് സ്ഫോടനം. ശക്തമായ സ്ഫോടനത്തില്‍ റോഡില്‍ കുഴി രൂപപ്പെട്ടിട്ടുണ്ട്. ശബ്ദം കേട്ടുണര്‍ന്നപ്പോഴേക്കും വാഹനങ്ങള്‍ പോകുന്ന ശബ്ദം കേട്ടതായി സത്യന് പറയുന്നു.
സ്ഫോടനം നടന്ന സ്ഥലത്ത് നിന്നും സ്റ്റീല്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടുകിട്ടിയിട്ടുണ്ട്. വിവരമറിഞ്ഞ് പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.ഈ മാസം ആറിന് കോറോത്തും ആലക്കാട്ടും ബോംബ് സ്ഫോടനങ്ങള്‍ നടന്നിരുന്നു.
സ്ഫോടനമുണ്ടായ ചിറ്റടിയുടെ സമീപ പ്രദേശമായ കക്കമ്പാറയില് രണ്ടാഴ്ചയുടെ ഇടവേളക്ക് ശേഷം കഴിഞ്ഞ ഞായറാഴ്ചയും തിങ്കളാഴ്ചയും രാത്രി ബോംബ് സ്ഫോടനമുണ്ടായിരുന്നു.ഇതേ തുടര്‍ന്ന് കക്കമ്പാറയിലെ സ്ഫോടന പരമ്പരകള്‍ക്ക് വിരാമമിടാന്‍ പയ്യന്നൂര്‍ സിഐ മുന്‍കൈ എടുത്ത് ചൊവ്വാഴ്ച സമാധാന ചര്‍ച്ചകള്‍ നടത്തിയിരുന്നു.
സിപിഎമ്മിന്റെയും ബിജെപിയുടേയും പ്രാദേശിക നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ഈ സമാധാന ചര്‍ച്ചകള്‍ക്കു ശേഷം ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ പയ്യന്നൂര്‍ കാരയില്‍ പാലത്തിന് സമീപത്തെ റോഡരികിലെ പറമ്പിലും സ്ഫോടനം നടന്നിരുന്നു.