നാദാപുരം: ചേലക്കാട് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്ന് 13 പൈപ്പ് ബോംബുകളും,മൂന്ന് സ്റ്റീല്‍ ബോംബുകളും വെടിമരുന്നും കണ്ടെത്തിയ സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു. കഴിഞ്ഞ മെയ് മാസം മൂന്നാം തീയതിയാണ് ചേലക്കാട് സ്വദേശി വണ്ണത്താം കണ്ടി മൂസ ഹാജിയുടെ കോമത്ത് താഴ കുനിയിലെ വലിയ കണ്ടോത്ത് ആളൊഴിഞ്ഞ പറമ്പിലെ കയ്യാല പൊത്തില്‍ പ്ലാസ്റ്റിക് ബക്കറ്റില്‍ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍.
നാദാപുരം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ വടകര റൂൽ എസ് പി യു. അബ്ദുൾ കരീമിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ബോംബ് നിർമ്മാണത്തിൽ പ്രദേശവാസികളായ ഏഴ് പേർ ഉൾപ്പെട്ട തായാണ് പോലീസ് നൽകുന്ന സൂചന. ഇതിൽ പ്രധാനിയായ യുവാവിനെ തിരിച്ചറിഞ്ഞിട്ടുണ്ട്.കേസന്വേഷണത്തിന്റെ 80 ശതമാനം
പൂർത്തിയായതായും ബോംബ് നിർമ്മിക്കുന്നതിനാവശ്യമായ വെടി മരുന്ന്, ജലാറ്റിൻ സ്റ്റിക്കുകൾ, പി വി സി പൈപ്പുകൾ എന്നിവ എത്തിച്ച് നൽകിയ ആളെയും തിരിച്ചറിഞ്ഞതായി റൂറൽ എസ് പി പറഞ്ഞു.
കല്ലാച്ചിയിലെ ഒരു സൂപ്പർ മാർക്കറ്റിൽ നിന്നാണ് ബോംബുകൾ സൂക്ഷിച്ച് വെച്ച പ്ലാസ്ററിക്ക് ബക്കറ്റുകൾ വാങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ സ്ഥാപനത്തിലെ സിസിടി വി ക്യാമറകളും പോലീസ് പരിശോധനക്ക് വിധേയമാക്കി.അന്നത്തെ നാദാപുരം സിഐ ആയിരുന്ന രാജീവൻ വലിയ വളപ്പിലിന്റെ നേതൃത്വത്തിലാണ് ആദ്യ ഘട്ടത്തിൽ അന്വേഷണം നടത്തിയത്.
മൊബൈൽ ഫോൺ ടവറുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു.പ്രതികളെ കുറിച്ച് ആദ്യ ഘട്ടത്തിൽ തന്നെ സൂചനകൾ ലഭിച്ചിട്ടും നടപടികൾ വൈകിയത് വിവാദങ്ങൾക്കിടയാക്കിയിരുന്നു. തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം മേഖലയിൽ വ്യാപക അക്രമം ലക്ഷ്യമിട്ടാണ് ബോംബുകൾ ശേഖരിച്ചതെന്ന് നേരത്തെ പോലീസ് സ്ഥിതീകരിച്ചിരുന്നു.
പൈപ്പ് ബോംബുകളില്‍ ഡിറ്റനേറ്ററുകളും, ക്വാറികളിൽ ഉപയോഗിക്കുന്നസണ് 90 വിഭാഗത്തില്‍ പെട്ട ജലാറ്റിന്‍ സ്റ്റിക്കുകളും വെടി മരുന്നിനൊപ്പം ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു.മാരക പ്രഹര ശേഷിയുള്ള ബോംബുകളാണ് കണ്ടെത്തിയിരുന്നത്.1995 കാലഘട്ടത്തിൽ കാല ഘട്ടത്തിൽ മലപ്പുറം ജില്ലയിൽ നിന്നാണ് പൈപ്പ് ബോംബുകൾ ആദ്യമായി കണ്ടെത്തിയത്. ചേലക്കാട് ബോംബ് ശേഖരം കണ്ടെത്തിയ സംഭവത്തിൽ തീവ്രവാദ ബന്ധമുണ്ടോ എന്നതും അന്വേഷണ പരിധിയിൽ വേണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു.കേസിൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന സൂചനയാണ് പോലീസ് നൽകുന്നത്.