രാജ്യത്ത് ഇന്ന് പല കടകളും പല വെറൈറ്റി ഭക്ഷണങ്ങൾ വിളന്പുന്ന ഇടങ്ങളാണ്. സായാഹ്നക്കടകൾ ഇന്ന് പല ഇടത്തായി നിലകൊള്ളുന്നുണ്ട്. അത്തരമൊരു കടയുടെ കഥയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറൽ. സമീപ കാലത്താണ് മോമോസുകൾ രാജ്യത്ത് ഏറെ പ്രചാരമേറിയത്. മോമോസിൽ തന്നെ പലതരം വെറൈറ്റികൾ ഇന്നുണ്ട്. അത്തരമൊരു മോമോസ് വിളന്പുന്ന കടയാണ് ഡൽഹിയിലെ വിവേക് വിഹാറിലുള്ളത്.
ചിക്കനും ബീഫും വച്ച് മാത്രം മോമോസ് കണ്ടിട്ടുള്ളവർക്കും കഴിച്ചിട്ടുള്ളർക്കും പുതിയൊരു അനുഭവമാണ് ഈ കടക്കാരൻ നൽകുന്നത്. വിവിധങ്ങളായ പഴങ്ങളിൽ തീർത്ത മോമോസാണ് ഇയാൾ ആളുകൾക്ക് നൽകുന്നത്.
മോമോസ് ഉണ്ടാക്കുന്ന വീഡിയോ ഇന്റർനെറ്റിൽ പരക്കെ പ്രചരിക്കുന്നുണ്ട്. ആദ്യം ഒരു പാനിലേക്ക് ബട്ടർ ഒഴിക്കുന്നു. അത് ചൂടാകുന്പോൾ അരിഞ്ഞ് വച്ചിരിക്കുന്ന പഴങ്ങളെല്ലാം ചേർക്കുന്നു. അതിലേക്ക് പാലും ചീസും ഫ്രഷ് ക്രീമും പഞ്ചസാരയുമൊക്കെ ചേർത്ത ശേഷം അതിലേക്ക് വേണ്ട മസാലക്കൂട്ടുകളും ചേർത്തിളക്കുന്നു. ശേഷം ആവിയിൽ വേവിച്ച് വച്ചിരിക്കുന്ന മോമോസ് ചേർത്തിളക്കി യോജിപ്പിക്കുന്നു. മിക്സഡ് ഫ്രൂട്ട് മോമോസ് അങ്ങനെ റെഡി.
വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് ഇതിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്. ഇതൊക്കെ എങ്ങനെ കഴിക്കാൻ സാധിക്കുന്നു എന്നാണ് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടത്. പാലും ചീസും വിരുദ്ധമല്ലേ എന്നും പറഞ്ഞവർ കുറവല്ല.
അതേസമയം ,വീഡിയോ അടിപൊളിയെന്ന് പറഞ്ഞവരുമുണ്ട്. ഇത്തരം വെറൈറ്റി ഭക്ഷണങ്ങൾ ഉണ്ടാക്കുന്നവരെ പ്രോത്സാഹിപ്പിക്കണം, പുതിയ റെസിപ്പി പറഞ്ഞു തന്നതിന് നന്ദിയെന്നും ചിലർ അഭിപ്രായപ്പെട്ടു.