ലോകത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പെയിന്റിംഗുകളിൽ ഒന്നാണ് ലിയണാഡോ ഡാവിഞ്ചിയുടെ മൊണാലിസ. അഞ്ഞൂറു വർഷങ്ങൾക്കിപ്പുറവും ആ ചിത്രത്തിലെ ചിരിയുടെ രഹസ്യം മനസിലാക്കാനുള്ള പഠനങ്ങൾ ഇപ്പോഴും തുടരുകയാണ്.
സന്തോഷത്താൽ വിടരുന്ന പുഞ്ചിരിയാണ് മൊണാലിസയുടെ മുഖത്തുള്ളതെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ജർമനിയിലെ ഫ്രെയ്ബർഗ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞൻമാരാണ് ഈ കണ്ടുപിടിത്തത്തിനു പിന്നിൽ.
ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ മൊണാലിസയുടെ ചിത്രത്തിന്റെ ബ്ലാക് ആൻഡ് വൈറ്റ് പതിപ്പുകളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാണ് പഠനങ്ങൾ നടത്തിയത്. യഥാർഥ ചിത്രത്തിലെ അധരങ്ങളുടെ കോണിൽ ചെറിയ മാറ്റങ്ങൾ വരുത്തി എട്ടു വ്യത്യസ്ത ചിത്രങ്ങൾ നിർമിച്ചു. ഇതിൽ നാലു ചിത്രങ്ങളിൽ മൊണാലിസ സങ്കടവതിയും നാലെണ്ണത്തിൽ സന്തോഷവതിയുമാണ്.
പിന്നീട് ഈ ചിത്രങ്ങൾ മൊണാലിസയുടെ യഥാർഥ പെയിന്റിംഗ് കണ്ടിട്ടുള്ള 12 പേരെ 30 തവണ കാണിച്ചു. ഇതിൽനിന്ന് യഥാർഥ ചിത്രം തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ, 97 ശതമാനം തവണയും സന്തോഷവതിയായ മൊണാലിസ ചിത്രമാണ് അവർ തെരഞ്ഞെടുത്തത്. ഇതിൽനിന്നാണ് മൊണാലിസയുടെ മുഖത്തുള്ളത് സന്തോഷത്തിന്റെ പുഞ്ചിരിയാണെന്നുള്ള അനുമാനത്തിൽ ശാസ്ത്രജ്ഞർ എത്തുകയായിരുന്നു.