വിഖ്യാത ചിത്രകാരൻ ലിയനാർഡോ ഡാവിഞ്ചിയുടെ ഏറ്റവും പ്രസിദ്ധമായ മോണാലിസ ചിത്രം പൂർത്തിയാക്കാൻ സാധിക്കാതിരുന്നത് നാഡീ തകരാർ മൂലമെന്ന് കണ്ടെത്തൽ. ബ്രഷും ചായക്കൂട്ടും പിടിക്കാൻ വയ്യാത്ത വിധം അദ്ദേഹത്തിന്റെ വലതു കൈ തളർന്നുപോയിരുന്നു. ഒട്ടേറെ ചിത്രങ്ങൾ ഇതുമൂലം പൂർത്തികരിക്കാൻ സാധിച്ചില്ലെന്നും ലണ്ടനിലെ ഡോക്ടർമാർ അവകാശപ്പെടുന്നു.
റോയൽ സൊസൈറ്റി ഓഫ് മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇതു സംബന്ധിച്ച വിവരങ്ങൾ. പതിനാറാം നൂറ്റാണ്ടിലെ ചിത്രകാരനായ ജിയോവൻ അംബ്രോഗിയോ ഫിജിനോ വരച്ച ഛായാചിത്രം അടക്കമുള്ളവയുടെ വിശദാംശങ്ങളിൽ നിന്നാണു നിഗമനം. ഡാവിഞ്ചിയുടെ വലംകൈ ബാൻഡേജിനു സമാനമായ വിധം തുണി കൊണ്ടു മൂടിയതായി ഈ ചിത്രത്തിൽ കാണാം.