ബോണി മാത്യു
വൈകല്യങ്ങളെ സ്വന്തം ഇച്ഛാശക്തി ഉപയോഗിച്ച് തോൽപ്പിക്കുകയാണ് മോനായി എന്ന ഇ.ജി. അഭിലാഷ്. കോട്ടയം ഗാന്ധിനഗർ സ്വദേശിയായ അഭിലാഷിനു ജൻമനാ കൈപ്പത്തിയില്ല. പത്താംക്ലാസ് കഴിഞ്ഞതോടെ ഇഷ്ടപ്പെട്ട ഇലക്ട്രിക് ജോലിക്കായി നിരവധി ആളുകളുടെ അടുത്തു പോയെങ്കിലും നിരാശയായിരുന്നു ഫലം. കൈപ്പത്തിയില്ലാത്തതിനാൽ പലരും ജോലി തരാൻ മടിച്ചു.
എന്നാൽ മോനായി തോറ്റില്ല. ആരുടെയും മുന്നിൽ തല കുനിക്കാതെ ജയിച്ചു കാണിക്കാനുള്ള വാശിയിലായിരുന്നു മോനായി. കോട്ടയത്തുള്ള ജോയി ആശാന്റെ കീഴിൽ രണ്ടും കൽപ്പിച്ച് ജോലിക്കു കയറി. പണി ചെയ്യാനുള്ള കൈ ഉളി എങ്ങനെ പിടിക്കുമെന്ന് ആശാൻ ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ വള്ളി ഉപയോഗിച്ച് ഉളി കൈമുട്ടിന് താഴെ കെട്ടിവച്ചു. പിന്നെ വേഗത്തിലായി കാര്യങ്ങൾ.
ദിവസങ്ങൾ കഴിഞ്ഞപ്പോൾ ശരീരം വഴങ്ങിത്തുടങ്ങി. പിന്നീട് ജോലികൾക്ക് ആർക്കും അസൂയ തോന്നുന്ന വേഗത കൈവന്നു. ഇലക്ട്രിക്കൽ ജോലികളാണ് മോനായി കൂടുതലും ചെയ്യുന്നത്. മെഷീൻ വർക്കുകൾ എല്ലാം ഭംഗിയായി ചെയ്യും. പ്ലംബിംഗും വയറിംഗും കോണ്ട്രാക്്ട് വർക്കുകളുമെല്ലാം ഈ കഠിനാധ്വാനിക്ക് വഴങ്ങും.
ഇപ്പോൾ വയസ് 40 ആയി. കോട്ടയത്തും എറണാകുളത്തുമായി ജോലി തിരക്കുകൾ. കേരളത്തിലെ വിവധ സ്ഥലങ്ങളിൽ ജോലി ചെയ്തു. കലാരംഗത്ത് അഭിരുചിയുള്ള മോനായി ഇതിനിടയിൽ ഒന്നു രണ്ടു സിനിമകളിലും തല കാണിച്ചിട്ടുണ്ട്. കൂടാതെ സിനിമയിലെ ആർട്ട് വർക്കുകളും ചെയ്തുവരുന്നു.
പ്രതിസന്ധികൾ ക്കെതിരേ ധൈര്യത്തോടെ പട വെട്ടിയാൽ ജീവിതത്തിൽ ജയിക്കാനാവുമെന്നാണ് മോനായി പറയുന്നത്. മടിയും അലസതയുമാണ് ജീവിതത്തിൽ എല്ലാത്തിനും തടസമായി നിൽക്കുന്നത്. ദൈവം തന്ന കഴിവുകൾ ഉപയോഗിക്കുകയും അതു മറ്റുള്ളവർക്കായി പ്രയോജനപ്പെടുത്തുകയും ചെയ്യണമെന്നാണ് മോനായിയുടെ പക്ഷം. മോനായിക്ക് എല്ലാവിധ പിന്തുണകളുമായി ഭാര്യ ഷീലയും മകൻ ഇമ്മാനുവേലും ഒപ്പമുണ്ട്.