കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ ദുബായിൽ ഒളിവിൽ കഴിഞ്ഞിരുന്ന നടനും നിർമാതാവുമായ വിജയ്ബാബു കൊച്ചിയിലെത്തി.
ഇന്ന് രാവിലെ ഒന്പതിന് ദുബായ്-കൊച്ചി എമിറൈറ്റ്സ് വിമാനത്തിൽ നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇയാൾ എത്തിയത്.
തുടർന്ന് ഇയാളുടെ തേവരയിലെ ഫ്ളാറ്റിലേക്ക് പോയി. തേവരയിലെ ഫ്ളാറ്റിലേക്ക് പോകുന്നവഴി ഇയാൾ ആലുവയിലെ ദത്താത്രേയ ക്ഷേത്രത്തിൽ ദർശനം നടത്തി.
അതേസമയം വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുന്നത് നാളെ വരെ ഹൈക്കോടതി തടഞ്ഞിരുന്നു.
ഇക്കാരണത്താൽ കേസ് അന്വേഷണ ചുമതലയുള്ള എറണാകുളം സൗത്ത് പോലീസ് വിമാനത്താവളത്തിൽ എത്തിയിരുന്നില്ല.
വിമാനത്താവളത്തിൽ ജനത്തിരക്ക് ഉണ്ടാകുമെന്ന് മുന്നിൽ കണ്ട് നെടുന്പാശേരി പോലീസ് സ്റ്റേഷനിൽ നിന്നുള്ള രണ്ട് പോലീസ് സംഘങ്ങൾ മാത്രമാണ് ഇവിടെ എത്തിയിരുന്നു.
നടിയുടെ പീഡനപരാതിക്കു ശേഷം ഒളിവിൽ പോയി 39 ദിവസങ്ങൾക്കുശേഷമാണ് വിജയ്ബാബു കൊച്ചിയിൽ തിരിച്ചെത്തുന്നത്.
ഇയാൾ ഇന്ന് എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും സൂചനയുണ്ട്. ആദ്യഘട്ട ചോദ്യം ചെയ്യലിനുശേഷം ഇയാളെ വിട്ടയ്ക്കുമെന്നാണ് സൂചന.
ദുബായിൽനിന്ന് ഇന്നു കൊച്ചിയിലെത്താൻ വിജയ് ബാബു എടുത്ത വിമാനടിക്കറ്റിന്റെ പകർപ്പ് ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു.
ഇതുകൂടി പരിഗണിച്ചാണ് ഹർജി വീണ്ടും പരിഗണിക്കുന്ന നാളെ വരെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞത്.
കൊച്ചിയിലെത്തുന്ന വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥൻ മുന്പാകെ ഹാജരായി നാട്ടിൽ തിരിച്ചെത്തിയെന്ന് അറിയിക്കണം.
തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥന് വിജയ് ബാബുവിനെ ചോദ്യം ചെയ്യാമെന്നും ഉത്തരവിൽ പറയുന്നു. അറസ്റ്റ് തടഞ്ഞത് ബ്യൂറോ ഓഫ് ഇമിഗ്രേഷനെ അറിയിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
മാർച്ച് 16, 22 തീയതികളിൽ വിജയ് ബാബു പീഡിപ്പിച്ചെന്ന് യുവനടി നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇരയുടെ പേരു വെളിപ്പെടുത്തിയ കുറ്റത്തിന് മറ്റൊരു കേസു കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഏപ്രിൽ 22ന് പോലീസ് കേസെടുത്തെങ്കിലും 24ന് വിജയ് ബാബു ദുബായിലേക്ക് പോയി. തുടർന്നാണ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
അവിടെ നിന്ന് ഇയാൾ ജോർജിയയിലേക്കും പോകുകയുണ്ടായി. കൊച്ചി സിറ്റി പോലീസ് ഇയാൾക്കായി ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കോടതിയുടെ നിർദേശം
നാട്ടിൽ തിരിച്ചെത്തി അന്വേഷണം നേരിടാൻ വിജയ് ബാബുവിന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിക്കാമെന്ന് സിംഗിൾ ബെഞ്ച് അറിയിച്ചെങ്കിലും സർക്കാരിനുവേണ്ടി ഹാജരായ അഡീ. പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ (എഡിജിപി) ഗ്രേഷ്യസ് കുര്യാക്കോസ് ശക്തമായി എതിർക്കുകയുണ്ടായി.
എന്നാൽ വിചാരണ നേരിടാൻ പ്രതിയെ നാട്ടിലെത്തിക്കുകയാണ് വേണ്ടതെന്നും അന്വേഷണത്തിനും വിചാരണയ്ക്കും അതാണ് നല്ലതെന്നും കോടതി വാക്കാൽ പറഞ്ഞു.
ഇടക്കാല മുൻകൂർ ജാമ്യം നൽകരുതെന്നും പ്രതിയെ അറസ്റ്റ് ചെയ്യാൻ പോലീസിനു കഴിയുമെന്നും എഡിജിപി വാദിച്ചു.
എങ്കിലെന്തുകൊണ്ടാണ് ഏപ്രിൽ 22 മുതൽ മേയ് 31 വരെ പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിയാതിരുന്നതെന്ന് സിംഗിൾബെഞ്ച് ചോദിച്ചു.
ഇടക്കാല മുൻകൂർ ജാമ്യം നൽകിയില്ലെങ്കിൽ പ്രതി അവിടെനിന്ന് ഒളിവിൽ പോകും. ഇത്തരത്തിൽ നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്.
ഇതാവർത്തിക്കാതിരിക്കാൻ പ്രതിയെ നാട്ടിലെത്താൻ സഹായിക്കുകയാണ് വേണ്ടത്. നാട്ടിൽ തിരിച്ചെത്തിയാലേ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാൻ കഴിയൂ.
ഇരയ്ക്കും പ്രതിക്കും അതാണ് നല്ലത്. നിലവിലെ സാഹചര്യത്തിൽ വിമാനത്താവളത്തിൽ വന്നിറങ്ങിയാലുടൻ അറസ്റ്റിലാകും.
എന്തിനാണ് ഇടക്കാല മുൻകൂർ ജാമ്യത്തെ സർക്കാർ എതിർക്കുന്നത് ഇങ്ങനെ അറസ്റ്റ് ചെയ്തിട്ട് എന്തു നേടാനാണ് വിമാനത്താവളത്തിൽനിന്ന് അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നത് മാധ്യമങ്ങളെ കാണിക്കാനാണോ ഇത് ഈഗോ ക്ലാഷിന്റെ പ്രശ്നമല്ലെന്നും ഹൈക്കോടതി പറഞ്ഞു. ഇരയായ നടി ഹർജിയെ എതിർത്തു കക്ഷി ചേർന്നിരുന്നു.