കൊച്ചി: മോന്സന് മാവുങ്കലിനെതിരായ പോക്സോ കേസിലെ ഇരയുടെ പരാതിയില്‍ പ്രതിയായ കളമശേരി ഗവ. മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗം സീനിയര്‍ അസി. പ്രഫ. ഡോ. വി. പ്രിയ പോലീസ് പീഡനമാരോപിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
ഇവര്‍ക്ക് മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കരുതെന്ന് നിര്‍ദേശിച്ച ജസ്റ്റീസ് ദേവന് രാമചന്ദ്രന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പോക്സോ കേസിനെത്തുടര്‍ന്നുള്ള മെഡിക്കല്‍ പരിശോധനയ്ക്ക് ഹാജരാക്കിയ പെണ്‍കുട്ടിയെ പോലീസ് ബലമായി തന്റെ മുന്നില്‍നിന്നു പിടിച്ചുകൊണ്ടുപോയിട്ട് പെണ്‍കുട്ടിയെ താന്‍ തടഞ്ഞുവച്ചെന്ന് കള്ളക്കേസ് ഉണ്ടാക്കിയെന്നാണ് ഡോ. പ്രിയയുടെ ആരോപണം.
ഒക്ടോബര്‍ 27ന് പെണ്‍കുട്ടിയെ പരിശോധിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് രേഖാമൂലം അപേക്ഷ നല്‍കിയിരുന്നു.
ഇതനുസരിച്ച് പെണ്‍കുട്ടിയെ പരിശോധിച്ച് ആരോഗ്യവിവരങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ ഒപ്പമുണ്ടായിരുന്ന ഇവരുടെ ബന്ധുവിന്റെ ഫോണില്‍ വിളിച്ച് ഒരു പോലീസ് ഓഫീസര്‍ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു.
പരിശോധന കഴിഞ്ഞു തിരിച്ചു വിളിക്കാമെന്ന് പറഞ്ഞു. തുടര്‍ന്നാണ് രണ്ടു പോലീസുകാര്‍ വാതില്‍ തള്ളിത്തുറന്ന് മുറിയിലേക്ക് കയറിവന്ന് പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയതെന്ന് ഡോക്ടറുടെ ഹര്‍ജിയില്‍ പറയുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിനും കളമശേരി പോലീസിനും പരാതി നല്‍കിയെങ്കിലും ഇരയെ തടഞ്ഞുവച്ചെന്നാരോപിച്ച് തനിക്കെതിരേ കള്ളക്കേസ് എടുക്കുകയാണ് ചെയ്തതെന്നും ഹര്‍ജിക്കാരി ആരോപിക്കുന്നു. ഹര്‍ജി 26നു പരിഗണിക്കാനായി മാറ്റി.