ഹിമാലയം കീഴടക്കിയതിനു പിന്നാലെ എവറസ്റ്റ് ബേസ് ക്യാമ്പും കീഴടക്കി അഭിമാന നേട്ടം കൈവരിച്ചിരിക്കുകയാണ് അമ്പത്തൊന്നുകാരനായ മോന്‍സി ജോണ്‍. പ്രകൃതി സ്നേഹിയായ വെട്ടിയാര്‍ ജെയ്മി ഭവനത്തില്‍ മോന്‍സി ജോണ്‍ എവറസ്റ്റ് ബേസ് ക്യാമ്പ് കീഴടക്കണമെന്ന ജീവിതത്തിലെ തന്റെ വലിയ ആഗ്രഹമാണ് ഇപ്പോള്‍ സഫലീകരിച്ചിരിക്കുന്നത്.
മോന്സിഉള്പ്പെടുന്ന ഒമ്പതംഗ സംഘം ഏപ്രില്‍ ഒന്നിനാണ് എവറസ്റ്റ് ബേസ് ക്യാമ്പ് ലക്ഷ്യമിട്ട് നേപ്പാള്‍ കാഠ്മണ്ഡുവിലേക്കു യാത്ര പുറപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോന്‍സിയും സംഘവും ബേസ് ക്യാമ്പ് കീഴടക്കിയത്. മാങ്കാംകുഴി ജംഗ്ഷനില്‍ ഫര്‍ണ്ണീച്ചര്‍ വ്യാപാരം നടത്തുന്ന മോന്‍സി ജോണ്‍ ഒഴിവ് ദിനങ്ങള്‍ പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി മാറ്റിവയ്ക്കുന്ന പ്രകൃതി സ്നേഹിയാണ്.
കേരളത്തിലെ വിവിധ ജില്ലകളില്‍ സംഘടിപ്പിക്കുന്ന മാരത്തണിലും മോന്‍സി പങ്കെടുക്കാറുണ്ട്. കഴിഞ്ഞ ഏഴുവര്‍ഷമായി നെല്ലിയാമ്പതി കേന്ദ്രീകരിച്ച് നാരായണ സ്വാമിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന നേച്ചര്‍ ഗാര്‍ഡ്സ് ഇനിഷിയേറ്റിവ് എന്‍ജിഐ എന്ന പരിസ്ഥിതി കൂട്ടായ്മയില്‍ അംഗമായി പ്രവര്‍ത്തിച്ചു വരികയാണ്.
എല്ലാമാസവും ഒരു ഞായറാഴ്ച നെല്ലിയാമ്പതിയില്‍ ഒത്തുകൂടുന്ന ഈ കൂട്ടായ്മ കേരളത്തിലെ വിവിധ ജില്ലകളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ സന്ദര്‍ശിച്ച് സഞ്ചാരികള്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് വസ്തുക്കളും മാലിന്യങ്ങളും ശേഖരിച്ച് മാലിന്യമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി വരികയാണ്. മോന്‍സിയുടെ പരിസ്ഥിതി സംരക്ഷ പ്രവര്‍ത്തനങ്ങള്‍ക്കും യാത്രകള്‍ക്കും ഭാര്യ ജെയ്മി മോന്‍സി, മക്കളായ മെറിന്, മെബിന് ഉള്‍പ്പെടുന്ന കുടുംബത്തിന്റെ വലിയ പിന്തുണയുമുണ്ട്.
നൗഷാദ് മാങ്കാംകുഴി